ന്യൂഡൽഹി: അസമിലെ ജോർഹാത്ത് എയർബേസിൽ നിന്ന് വ്യാഴാഴ്ച വൈകിട്ട് പറന്നുയർന്ന ഇന്ത്യൻ വ്യോമസേനയുടെ (IAF) സുഖോയ്-30 എംകെഐ യുദ്ധവിമാനം തകർന്നുവീണു. തെരച്ചിലിനിടെ വിമാനത്തിൻ്റെ ഒരു ഭാഗം കണ്ടെത്തിയിരുന്നു. ഈ ഭാഗം പൂർണ്ണമായി കത്തിനശിച്ച നിലയിലാണ്. പൈലറ്റിനായുള്ള തെരച്ചിൽ തുടരുന്നു.
അസമിലെ ജോർഹട്ടിൽ നിന്ന് ഇന്നലെ വൈകീട്ട് 7.42 ഓടെയാണ് അവസാനമായി വിമാനത്തിൻ്റെ സിഗ്നൽ ലഭിച്ചത്. കാർബി ആംഗ്ലോങ് ജില്ലയിലെ മുകളിലൂടെ പറക്കുന്നതിനിടെയാണ് വിമാനവുമായി റഡാർ ബന്ധം നഷ്ടമായതെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു. വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായതോടെ ഉടൻ തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും ശക്തമായ യുദ്ധവിമാനങ്ങളിൽ ഒന്നാണ് സുഖോയ്.
ഗുവാഹത്തിയിലെ പ്രതിരോധ മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചതു പ്രകാരം, ജോർഹാത്തിൽ നിന്ന് പറന്നുയർന്ന വിമാനവുമായി വൈകിട്ട് 7.42 നാണ് അവസാനമായി ബന്ധപ്പെടാനായത്. തുടർന്ന് കാർബി ആംഗ്ലോങ് മേഖലയ്ക്ക് മുകളിലൂടെ പറക്കുന്നതിനിടെ റഡാറുമായി ബന്ധം നഷ്ടപ്പെട്ടു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സ്’ൽ പങ്കുവെച്ച കുറിപ്പിൽ സു-30 എംകെഐ വിമാനം കാണാതായതായി റിപ്പോർട്ട് ലഭിച്ചതായി ഇന്ത്യൻ വ്യോമസേന അറിയിച്ചു. ബന്ധം നഷ്ടമായതിനെ തുടർന്ന് ഉടൻ തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചുവെന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം റാഫേൽ യുദ്ധവിമാനങ്ങൾക്ക് ശേഷം ഇന്ത്യൻ വ്യോമസേനയുടെ നിരയിൽ ഏറ്റവും ശക്തമായ വിമാനങ്ങളിൽ ഒന്നാണ് സുഖോയ്-30 എംകെഐ. വ്യോമ പ്രതിരോധം, ദൂരപ്രഹര മിഷനുകൾ, സമുദ്ര സുരക്ഷാ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി ദൗത്യങ്ങൾ നിർവഹിക്കാൻ ഈ വിമാനങ്ങൾക്ക് കഴിയും. രാജ്യത്തെ വിവിധ എയർബേസുകളിലായി 200-ലധികം സു-30 എംകിഐ വിമാനങ്ങൾ ഇപ്പോൾ സേവനത്തിലുണ്ട്.
1996-ൽ റഷ്യയുമായി കരാർ ഒപ്പുവെച്ചതിനു പിന്നാലെ 2002-ലാണ് സു-30 എംകെഐ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയിൽ ഉൾപ്പെടുത്തിയത്. റഷ്യയുടെ സുഖോയിയും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ എറോണോട്ടിക്സ് ലിമിറ്റഡും (HAL) ചേർന്നാണ് ഈ യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്നത്. 2004 നവംബറിലാണ് ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സുഖോയ്-30 എംകിഐ ഐഎഎഫ് നിരയിൽ ചേർന്നത്.
An IAF Su-30 MKI is reported overdue. The aircraft had taken off from Jorhat, Assam and was last in contact at 7.42 pm.
Further details are being ascertained. Search and Rescue mission has been initiated.@DefenceMinIndia@SpokespersonMoD@HQ_IDS_India@adgpi@Indiannavy— Indian Air Force (@IAF_MCC) March 5, 2026













































