പട്‌ന: ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പദവി ഒഴിഞ്ഞേക്കുമെന്ന ശക്തമായ സൂചനകളോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ അഴിച്ചുപണികള്‍ക്ക് കളമൊരുങ്ങുന്നു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതോടെ നിതീഷ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചേക്കും. വ്യാഴാഴ്ച രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക അദ്ദേഹം സമര്‍പ്പിക്കും. രാജ്യസഭാ അംഗമാകുന്നതോടെ മുഖ്യമന്ത്രി പദത്തില്‍ തുടരില്ലെന്ന് നിതീഷ് കുമാറുമായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
നിതീഷ് കുമാര്‍ ഒഴിഞ്ഞാല്‍ ആരാകും അടുത്ത മുഖ്യമന്ത്രി എന്ന ചോദ്യത്തിനൊപ്പം അദ്ദേഹത്തിന്റെ മകന്‍ നിഷാന്ത് കുമാറിന് എന്ത് പദവി ലഭിക്കുമെന്ന ചര്‍ച്ചകളും സജീവമാണ്. നിഷാന്ത് കുമാര്‍ ബീഹാര്‍ ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന.
നിതീഷ് കുമാറിന്റെ മകനായ നിഷാന്ത് കുമാറിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. ജെഡിയു മുതിര്‍ന്ന നേതാവും ബിഹാര്‍ മന്ത്രിയുമായ ശ്രാവണ്‍ കുമാര്‍, നിഷാന്തിന്റെ രാഷ്ട്രീയ അരങ്ങേറ്റം ഉടന്‍ ഉണ്ടാകുമെന്നും പാര്‍ട്ടി ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ നടത്തുമെന്നും മുന്‍പ് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിഷാന്തിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്നുള്ള റിപ്പോര്‍ട്ടുകള്‍ക്ക് വന്‍ രാഷ്ട്രീയ പ്രാധാന്യം കൈവരുന്നത്. ഇത് ബിഹാറിലെ യുവ നേതൃത്വത്തിന് പ്രാധാന്യം നല്‍കാനുള്ള ഒരു നീക്കമായി വിലയിരുത്തപ്പെടുന്നുണ്ട്.
നിതീഷ് കുമാറിന്റെ രാജ്യസഭാ പ്രവേശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം മാര്‍ച്ച് 5-ന് ഉണ്ടായേക്കും. ഈ വിഷയത്തില്‍ ജനതാദള്‍ (യുണൈറ്റഡ്) നേതൃത്വത്തില്‍ നിന്നുള്ള ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല. ഈ നീക്കങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍, ബിഹാറില്‍ ബിജെപിക്ക് മുഖ്യമന്ത്രി പദം ലഭിക്കുകയും ജെഡിയുവിന് നിര്‍ണായകമായ ഉപമുഖ്യമന്ത്രി സ്ഥാനത്തിലൂടെ അധികാരത്തില്‍ പങ്കാളിത്തം ഉറപ്പാക്കാനുമാകും.
അതേസമയം, ബീഹാറിലെ അഞ്ച് രാജ്യസഭാ സീറ്റുകളിലേക്കുള്ള പോരാട്ടം മുന്നണികളെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ഒരു സീറ്റില്‍ ജയിക്കാന്‍ 41 എം.എല്‍.എമാരുടെ പിന്തുണ വേണം. ബി.ജെ.പി, ജെ.ഡി.യു, എല്‍.ജെ.പി, ഹാം, ആര്‍.എല്‍.ജെ.എം എന്നീ പാര്‍ട്ടികളിലായി എന്‍.ഡി.എ സഖ്യത്തിന് 202 എം.എല്‍.എമാരുണ്ട്. ഇതിനാല്‍ നാല് സീറ്റുകളില്‍ വിജയം ഉറപ്പാണ്. അഞ്ചാം സീറ്റിലേക്ക് ഉപേന്ദ്ര കുശ്വാഹയെയാണ് എന്‍.ഡി.എ നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ തീരുമാനത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് ചിരാഗ് പാസ്വാന്‍ പറഞ്ഞത് സഖ്യത്തിനുള്ളില്‍ അസ്വാരസ്യങ്ങള്‍ പ്രകടമാക്കുന്നു. ക്രോസ് വോട്ടിംഗ് ഭയന്ന് എല്ലാ എന്‍.ഡി.എ എം.എല്‍.എമാരോടും വ്യാഴാഴ്ച പട്‌നയില്‍ എത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


















































