ഹരിയാന: ഹോളി ആഘോഷത്തിനിടെ പശുവിനെ ബലമായി മദ്യം കുടിപ്പിക്കുകയും വലിച്ചിഴക്കുകയും ചെയ്ത് യുാവക്കള്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. ഹരിയാനയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഹോളി ആഘോഷത്തിനിടെ മദ്യലഹരിയില്‍ ഒരുസംഘം ആളുകള്‍ പശുവിനെ ബലമായി പിടിച്ചുനിര്‍ത്തി മദ്യം കുടിപ്പിക്കുകയായിരുന്നു.
പുറത്തുവന്ന ദൃശ്യങ്ങളില്‍ പുരുഷന്മാരുടെ ഒരു സംഘം കാളവണ്ടിയില്‍ ഇരിക്കുന്നത് കാണാം. രണ്ട് പുരുഷന്മാര്‍ പശുവിന്റെ വായ ബലമായി തുറന്ന് മദ്യം കൊടുക്കുന്നതും മറ്റുള്ളവര്‍ പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സ്ട്രീറ്റ് ഡോഗ്‌സ് ഓഫ് ബോംബെ എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം നിരവധി പേരാണ് വീഡിയോ കണ്ടത്. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ അടയാളപ്പെടുത്തുന്ന ഉത്സവമാണ് ഹോളി.
അത്തരമൊരു ഉത്സവത്തില്‍ മൃഗങ്ങള്‍ക്കുനേരെയുള്ള മനുഷ്യത്വ രഹിതമായ ഇത്തരം പ്രവര്‍ത്തിക്കെതിരെ വലിയ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. ഈ മനുഷ്യരുടെ തലച്ചോറ് മരിച്ചുപോയോ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. എവിടെ പോയി പശു സംരക്ഷകരെന്ന് ചിലര്‍ ചോദിച്ചു. ഹരിയാന പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് ഇതിലെന്ത് നടപടി എടുത്തുവെന്ന് ചിലര്‍ ചോദിച്ചു.














































