തിരുവനന്തപുരം: സത്യഭാമ നടത്തിയ വിദ്വേഷ പരാമർശങ്ങൾക്കെതിരെ പൊലീസില്‍ കേസ് നല്‍കി ‘ബിഗ് ബോസ്’ താരം നന്ദന. തന്റെ ശാരീരിക പ്രത്യേകതകളെയും വ്യക്തിത്വത്തെയും അത്യന്തം തരംതാഴ്ന്ന രീതിയിൽ അധിക്ഷേപിച്ചതായി പരിതായില്‍ പറയുന്നു. സത്യഭാമയുടെ അസഭ്യവർഷങ്ങൾക്കും പരിഹാസങ്ങൾക്കും അതേ രീതിയിൽ മറുപടി നൽകാൻ തന്റെ സംസ്കാരം അനുവദിക്കുന്നില്ലെന്നും, നിയമവ്യവസ്ഥയിൽ പൂർണ വിശ്വാസമുള്ളതിനാലാണ് കമ്മിഷണർ ഓഫിസിൽ പരാതി നൽകിയതെന്നും നന്ദന വ്യക്തമാക്കി.
സത്യഭാമയ്‌ക്കൊപ്പം തനിക്കെതിരെ സൈബർ ആക്രമണം നടത്തിയവർക്കെതിരെയും കേസ് ഫയൽ ചെയ്ത നന്ദന, അധിക്ഷേപങ്ങൾക്കൊണ്ട് തന്നെ തളർത്താനാവില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് നൽകുന്നത്. നന്ദനയുടെ ശാരീരിക പ്രത്യേകതകളെ അധിക്ഷേപിച്ചുകൊണ്ടാണ് സത്യഭാമ പുതിയ വിഡിയോ പങ്കുവെച്ചത്.
‘‘ലോറി കേറി ഇറങ്ങിയപോലത്തെ മോന്തയാണ് നിന്റേത്, വവ്വാല് ചപ്പിയ പോലത്തെ മുടിയും” എന്നിങ്ങനെ പോകുന്നു സത്യഭാമയുടെ അധിക്ഷേപങ്ങൾ. ബിഗ് ബോസിൽ പോകാൻ സൗന്ദര്യമൊന്നും വേണ്ടെന്നും ഏത് ലെവലിലുള്ളവരാണ് അവിടെ പോകുന്നതെന്ന് തനിക്കറിയാമെന്നും സത്യഭാമ പരിഹസിച്ചു.
68-ാം വയസ്സിലും താൻ സുന്ദരിയാണെന്നും നീ എന്റെ പ്രായമാകുമ്പോൾ മാലയിട്ട് ചുമരിൽ തൂങ്ങുമെന്നും പറയുന്ന സത്യഭാമ, ഏത് വിഷയത്തെക്കുറിച്ചും അസലായി സംസാരിക്കാൻ തനിക്കറിയാമെന്നും വെല്ലുവിളിക്കുന്നു. കേരളക്കര മുഴുവൻ തന്റെ കൂടെയാണെന്നും ഇഷ്ടംപോലെ ഫോളോവേഴ്‌സ് തനിക്കുണ്ടെന്നും വിഡിയോയിൽ സത്യഭാമ അവകാശപ്പെടുന്നുണ്ട്.
















































