കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. യുവതിയുടെ പരാതിയിൽ എറണാകുളം സൗത്ത് പൊലീസ് കേസ് എടുത്തു. ബി.എന്‍.എസ് 74, 75 വകുപ്പുകൾ ചുമത്തിയാണ് കേസ്. ഒരു സ്ത്രീയുടെ അന്തസ്സിനെ ബോധപൂർവ്വം അപമാനിക്കണമെന്ന ഉദ്ദേശത്തോടെ നടത്തുന്ന അതിക്രമങ്ങളെയാണ് ഈ വകുപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
തെളിയിക്കപ്പെട്ടാൽ ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കാം. ഇത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്. 2022ൽ യുവതിയുടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി ലൈംഗികോദ്ദേശ്യത്തോടെ പെരുമാറിയെന്നാണ് കേസ്. എളംകുളത്തെ ഫ്ലാറ്റിൽ വെച്ചായിരുന്നു സംഭവം നടന്നതെന്നും പരാതിയിൽ പറയുന്നു.
കഴിഞ്ഞ ആഴ്ചയാണ് യുവതി പൊലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു. കേസില്‍ ചിദംബരത്തെ ചോദ്യം ചെയ്യുമെന്നും, ആവശ്യമെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് സൂചിപ്പിച്ചു.















































