അടൂർ: ആരോഗ്യമന്ത്രിക്ക് കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റെന്നത് നട്ടാൽ കുരുക്കാത്ത നുണയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കള്ളപ്രചരണം നടത്തി സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്നും ഇതിനെതിരെ ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പുതുയുഗ യാത്രയുടെ ഭാഗമായി അടൂരിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ വീണാ ജോര്‍ജിന്റെ പേര് കേൾക്കുമ്പോൾ തന്നെ ജനങ്ങൾ ചിരിക്കുന്ന അവസ്ഥയാണ്. ഈ പച്ചക്കള്ളം പറഞ്ഞതിന് തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ തിരിച്ചടി നൽകും.
ആരോഗ്യ മേഖലയിലെ യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആക്രമണ കഥയെന്നും എന്നാൽ ഇത് ഇപ്പോൾ പൊളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റെയിൽവേ സ്റ്റേഷനിലെ ആർ.പി.എഫ് ക്യാമറകൾ പരിശോധിച്ചപ്പോൾ ഒരു അക്രമവും നടന്നിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും കരിങ്കൊടി കാട്ടിയവർ മന്ത്രിയുടെ അടുത്തുപോലും എത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ഒന്നാം പ്ലാറ്റ്‌ഫോമിൽ ഇല്ലാതിരുന്ന കുഴപ്പം മൂന്നാം പ്ലാറ്റ്‌ഫോമിൽ മന്ത്രി അഭിനയിച്ചു കാണിക്കുകയായിരുന്നുവെന്നും അന്ന് മന്ത്രിയുടെ കൂടെ ഗൺമാൻ മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ജില്ലയ്ക്ക് തന്നെ അപമാനകരമായ രീതിയിലാണ് മന്ത്രി പെരുമാറുന്നത്. ആശുപത്രിയിൽ കിടക്കേണ്ട ഒരു കാര്യവുമില്ലെന്നും മെഡിക്കൽ ബുള്ളറ്റിനിൽ എവിടെയാണ് പരിക്ക് പറ്റിയതെന്ന് പറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.എം നേതാക്കൾ അണികളെ അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്നും എം.വി. ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.















































