വൈറ്റില∙ കോട്ടയം ചിങ്ങവനം പനച്ചിക്കൽ സുധ ബേബിയുടെ (46) കൊലപാതകം ആസൂത്രിതമല്ലെന്നു പൊലീസ്. കുടുംബജീവിതം തകർക്കുമെന്ന് സുധ പറഞ്ഞതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നു വൈറ്റില പൊന്നുരുന്നി കണ്ടത്തിൽ കെ.വി.ഷാജി (63) പൊലീസിനോട് പറഞ്ഞു. ഇന്നലെയാണ് സുധയുടെ മൃതദേഹം റെയിൽവെ ട്രാക്കിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. ഹൈക്കോടതി മുൻ ജീവനക്കാരനാണ് ഷാജി.
ക്രൂരമായ ഉപദ്രവമാണ് യുവതി നേരിട്ടതെന്നു പൊലീസ് പറഞ്ഞു. യുവതിയുടെ മുഖത്ത് ഷാജി പലതവണ മുഷ്ടി ചുരുട്ടി ഇടിച്ചു. ഭർത്താവുമായുള്ള ബന്ധം വേർപെടുത്തിയ സുധ അമ്മ അശ്വതിയോടൊപ്പം പൂത്തോട്ടയിലായിരുന്നു താമസം. ഹൈക്കോടതി മുൻ ജീവനക്കാരിയായ അശ്വതി വഴിയാണു മക്കൾ സുധയുമായി ഷാജി ബന്ധം സ്ഥാപിച്ചത്. മാനസിക വിഭ്രാന്തിയോടെ പെരുമാറിയിരുന്ന സുധ ഇടയ്ക്ക് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യം മുതലെടുക്കാനാണു സുധയുടെ മരണം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ മൃതദേഹം റെയിൽവേ ട്രാക്കിൽ ഷാജി ഇട്ടതെന്നാണു പൊലീസ് പറയുന്നത്.
ഇരുവരും ഏറെ നാള് സുഹൃത്തുക്കളായിരുന്നു. വാക്കു തർക്കത്തിനിടെ അടിപിടിയിൽ സുധയെ കൊന്നു ഷാജി ട്രാക്കിൽ തള്ളുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ട്രെയിൻ ഓടാത്ത പാലത്തിനു സമീപം സ്ത്രീയുടെ ശരീരം കണ്ടതോടെ കൊലപാതകമാണെന്നു വ്യക്തമായിരുന്നു.
പുലർച്ചെ ഇതുവഴി കടന്നുപോയ അമൃത എക്സ്പ്രസിലെ ലോക്കോ പൈലറ്റാണ് മൃതദേഹം കണ്ട വിവരം അധികൃതർ അറിയിച്ചത്. മരിച്ച മരട് പൊലീസ് പരിശോധനയിൽ മരണം ട്രെയിൻ തട്ടിയല്ലെന്ന് സ്ഥിരീകരിച്ചു. പിടിവലി നടക്കുന്നതിൻ്റെ ലക്ഷണങ്ങളും രക്തക്കറ കണ്ടെത്തിയതും മൃതദേഹത്തിനു സമീപത്തുനിന്നു മൊബൈൽ ഫോൺ ലഭിച്ചതും നിർണ്ണായകമായി. ഷാജി നടന്നുവരുന്നതും ഷർട്ടിൽ രക്തംപറ്റിയതും സിസിടിവിയിൽ ഉണ്ടായിരുന്നു. അന്വേഷണത്തിലാണു മണിക്കൂറുകൾക്കുള്ളിൽ യുവതിയെ തിരിച്ചറിഞ്ഞു പൊലീസ് എത്തിയത്.















































