തിരുവനന്തപുരം: ഗർഭസ്ഥ ശിശു മരിച്ചതിനെ തുടർന്ന് സസ്പെൻഷനിലായ ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിന്റെ ക്രൂരതകൾ വെളിപ്പെടുത്തി യുവതി. ഡോ.ബിന്ദു സിസേറിയന്‍ നടത്തിയപ്പോഴാണ് തനിക്കു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതെന്നു നെടുമങ്ങാട് സ്വദേശി ഹസ്ന ഫാത്തിമ (23)പറഞ്ഞു. ജനനേന്ദ്രിയത്തിൽ മുറിവുണ്ടാക്കിയപ്പോൾ മലാശയം കൂടി മുറിഞ്ഞു. പ്രസവം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും വേദന മാറാത്തതിനാൽ വീണ്ടും ആശുപത്രിയിലെത്തി.
വേദനകൊണ്ട് കരഞ്ഞപ്പോൾ ഡോ.ബിന്ദു അഹങ്കാരി എന്നു വിളിച്ചു. 2,000 രൂപ കൈക്കൂലി കൊടുത്തപ്പോഴാണ് മുറിവിൽ മരുന്നു വച്ചത്. മലാശയം മുറിഞ്ഞതിനെ തുടർന്ന് 5 ശസ്ത്രക്രിയ നടത്തേണ്ടിവന്നു. 2025 ജൂൺ 19നായിരുന്നു പ്രസവം. മലാശയം 2.7 സെന്റീമീറ്റർ മുറിഞ്ഞു. യാത്ര ചെയ്തതിനാലാണ് മുറിവുണ്ടായതെന്നാണ് ഡോ. ബിന്ദു പറഞ്ഞത്.
ഒടുവിൽ ഗുരുതരാവസ്ഥയിലായപ്പോൾ മെഡിക്കൽ കോളജിലേക്കു വിട്ടു. അവിടെ മാത്രം 6 ലക്ഷം ചെലവായി. ചികിത്സയ്ക്കായി ഭർത്താവിന്റെ ഓട്ടോ വിറ്റു, ലോണെടുത്തു. ശരീരത്തിനു പുറത്തുപിടിപ്പിച്ച ബാഗിലൂടെയാണ് ഇപ്പോൾ മലവിസർജനം. മകനെ ഒന്നെടുക്കാൻ പോലും കഴിയില്ല. മകന്റെ നൂലുകെട്ടും കാണാനായില്ലെന്നും ഹസ്ന പറയുന്നു.















































