കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ കസ്റ്റമറെ ജാതി പറഞ്ഞ് ഭീഷണിപ്പെടുത്തി ബാങ്ക് ജീവനക്കാരി. കാൺപൂരിലെ എച്ച്ഡിഎഫ്‌സി ബാങ്ക് ശാഖയിലാണ് സംഭവം. പരാതി പറയാനെത്തിയ അക്കൗണ്ട് ഉടമയുമായി ആസ്ത എന്ന ജീവനക്കാരിയാണ് തർക്കമുണ്ടാക്കിയത്. കസ്റ്റമറെ ജാതി പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് അടക്കമുള്ള ദൃശ്യങ്ങൾ വീഡിയോയിലുണ്ട്.
‘ഞാൻ ഠാക്കൂർ ആണ്, എന്നോട് കളിക്കരുത്’ എന്നാണ് ഇവർ കസ്റ്റമറോട് പറയുന്നത്. തന്റെ സീറ്റിനടുത്ത് എഴുന്നേറ്റ് നിന്ന് കസ്റ്റമറെ ദേഷ്യത്തോടെ ശാസിക്കുന്നതും ഏറ്റുമുട്ടലിനിടെ ലാപ്‌ടോപ്പ് എടുത്ത് എറിയാൻ നോക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്.തർക്കത്തിനിടെ സഹപ്രവർത്തകർ ആസ്തയെ ശാന്തയാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവർ വഴങ്ങുന്നില്ല.
പിടിച്ചുമാറ്റാൻ ശ്രമിക്കുമ്പോഴും കസ്റ്റമർക്ക് നേരെ രൂക്ഷമായ പ്രതികരണമാണ് ആസ്ത നടത്തുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ആസ്തക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. എന്നാൽ എച്ച്ഡിഎഫ്‌സി അധികൃതർ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.















































