ചെന്നൈ: ആദായനികുതി കുടിശിക അടയ്ക്കാത്തപക്ഷം തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ‘വേദനിലയം’ അടക്കമുള്ള വീടുകളും സ്വത്തുക്കളും ജപ്തി ചെയ്യുമെന്ന് ആദായനികുതി വകുപ്പ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. നികുതി കുടിശിക ആവശ്യപ്പെട്ട് നൽകിയ നോട്ടിസ് ചോദ്യം ചെയ്ത് ജയയുടെ സഹോദര പുത്രിയും അനന്തരാവകാശിയുമായ ജെ.ദീപ നൽകിയ ഹർജി പരിഗണിക്കുന്നതിനിടയ്ക്കാണ് ആദായനികുതി വകുപ്പിന്റെ ഇത്തരമൊരു അറിയിപ്പ് . കുടിശികയും പലിശയും സഹിതം 20 കോടി രൂപയാണ് ദീപയും സഹോദരൻ ദീപക്കും ചേർന്ന് അടയ്ക്കേണ്ടത്.
നിയമപരമായ അവകാശികളിൽ ഒരാളായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ദീപക് ഇതിനകം തന്നെ 1.17 കോടി രൂപ നൽകിയിട്ടുണ്ട്. 36 കോടി രൂപയായിരുന്നു നികുതിയായി ആദ്യം ഇരുവരിൽ നിന്നും ആവശ്യപ്പെട്ടിരുന്നത്. ഇതു പിന്നീട് 13 കോടിയായി കുറച്ചു. നോട്ടിസുകളിലെ തുകയുടെ വ്യത്യാസം ചോദ്യം ചെയ്തും കൃത്യമായ തുക അറിയിക്കണമെന്നും ആവശ്യപ്പെട്ടാണു ദീപ കോടതിയെ സമീപിച്ചത്. ദീപയുടെ വാദം 18നു കേൾക്കും. ജയയുടെ മൊത്തം സ്വത്തുക്കൾക്ക് 600 കോടിയിലേറെ രൂപയുടെ മൂല്യമുണ്ട്.














































