കാസർകോട്: കുടുംബവഴക്കിനിടെ പിതാവിന്റെ വെട്ടേറ്റ് മകൾ ദാരുണമായി കൊല്ലപ്പെട്ടു. മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശിനിയും പ്ലസ് വൺ വിദ്യാർഥിനിയുമായ ജുമൈല (18)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമ്മറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നു വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഉമ്മറും കുടുംബവും ഉമ്മറിന്റെ ഭാര്യാസഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിനിടെ ഇന്നു വൈകുന്നേരം ഭാര്യാ സഹോദരിയുടെ ഭർത്താവും ഉമ്മറും തമ്മിൽ സ്വത്തിനെച്ചൊല്ലി തർക്കമുണ്ടായി. ഇതിനിടെ ഉമ്മർ ആയുധം ഉപയോഗിച്ച് ഭാര്യാസഹോദരിയുടെ ഭർത്താവിനെ ആക്രമിക്കുമ്പോൾ മകൾ ജുമൈല തടയാൻ ശ്രമിക്കുന്നതിനിടെ വെട്ടേൽക്കുകയുമായിരുന്നു.
അതേസമയം പ്രതിയായ ഉമ്മർ വിദേശത്ത് ജോലി ചെയ്തിരുന്നയാളാണ്. ഇയാൾ കഞ്ചാവ് അടക്കമുള്ള ലഹരികൾ ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്.















































