ന്യൂഡൽഹി: ബജറ്റിൽ പ്രഖ്യാപിച്ച അതിവേഗ റെയിൽ ഇടനാഴിയുടെ ഗുണം കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങൾക്ക് ലഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ കണ്ടെത്തൽ. എന്നാൽ ഈ പറഞ്ഞ റെയിൽവേ ഇടനാഴി കേരളത്തിലൂടെ കടന്നുപോകുമോ എന്ന ചോദ്യത്തിന് മന്ത്രിയ്ക്ക് കൃത്യമായ മറുപടിയില്ല. പകരം മലയാളികൾ മറ്റു സംസ്ഥാനങ്ങളിൽ പോകില്ലേ എന്നും അപ്പോൾ അവർക്ക് അതിവേഗ റെയിൽ ഇടനാഴിയുടെ ഗുണം ലഭിക്കില്ലേ എന്നുമായിരുന്നു മന്ത്രിയുടെ മറുചോദ്യം.
ബജറ്റിനു ശേഷം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം. കേരളത്തിലെ റെയിൽവേ വികസനത്തിന് സംസ്ഥാന സർക്കാരിന്റെ സഹകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ഡൽഹിയിൽ വിവിധ സംസ്ഥാനങ്ങളിലെ മാധ്യമപ്രവർത്തകരെ അശ്വിനി വൈഷ്ണവ് തിങ്കളാഴ്ച കാണുന്നുണ്ട്. കേരളത്തിലെ റെയിൽ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തിങ്കളാഴ്ച വ്യക്തത വരുത്തുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
















































