ഒട്ടാവ∙ ജസ്റ്റിൻ ട്രൂഡോയുടെ പകരക്കാരനായി ഇനി കാനഡയെ നയിക്കുക മാർക്ക് കാർനി. ലിബറൽ പാർട്ടി നേതാവായും കാനഡയുടെ 24–ാം പ്രധാനമന്ത്രിയായും കാർനിയെ പ്രഖ്യാപിച്ചു. നേരത്തേ ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവർണറായിരുന്നു. ലിബറൽ പാർട്ടി പ്രസിഡന്റ് സച്ചിത് മെഹ്‌റയാണു കാർനിയുടെ വിജയം പ്രഖ്യാപിച്ചത്. 2008ലെ സാമ്പത്തികമാന്ദ്യത്തിൽ അകപ്പെടാതെ കാനഡയെ പ്രതിരോധിച്ചു നിർത്തിയത് കാർനിയായിരുന്നു.
മനസും ശരീരവും ആറ്റുകാലിലേക്ക്; ഉത്സവത്തുടക്കം കാപ്പുകെട്ട് ചടങ്ങോടെ…
ട്രൂഡോയുടെ പിൻഗാമിയായി ലിബറൽ പാർട്ടി നേതാവാകാൻ സാധ്യതയുള്ളവരിൽ മുന്നിലായിരുന്നു കാർനി. 2008 മുതൽ 2013 വരെ ബാങ്ക് ഓഫ് കാനഡയുടെ എട്ടാമത്തെ ഗവർണറായിരുന്നു. 2011 മുതൽ 2018 വരെ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡിന്റെ ചെയർമാനായി.
അതേസമയം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നേരിടാൻ പറ്റിയ മികച്ച രാഷ്ട്രീയക്കാരനായാണു കാർനിയെ കാനഡക്കാർ കാണുന്നത്. കാനഡ ശക്തമാണ്, പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ പ്രസംഗത്തിൽ കാർനി പറഞ്ഞു. ‘‘വിശ്വസനീയ വ്യാപാര പങ്കാളികളുമായി ഉറച്ച ബന്ധത്തിനാണ് ആഗ്രഹം. ട്രംപിന്റെ താരിഫ് ഭീഷണികളെ കണക്കിലെടുക്കുന്നില്ല. അദ്ദേഹം വിജയിക്കാൻ ഞങ്ങൾ അനുവദിക്കില്ല. സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിനു കാനഡയുമായി യുഎസ് കൈകോർക്കണം. അതുവരെ തിരിച്ചടികൾ തുടരും. കാനഡയുടെ വിഭവങ്ങളും ഭൂമിയും രാജ്യവും അമേരിക്കക്കാർ ആഗ്രഹിക്കുന്നു. ഇതു കാനഡക്കാരുടെ ജീവിതരീതിയെ നശിപ്പിക്കും’’– കാർനി കൂട്ടിച്ചേർത്തു.