മേയർ ആര്യ രാജേന്ദ്രനെതിരായ കേസ്- കോടതി മേൽനോട്ടം ആവശ്യപ്പെട്ട് യദു സമർപ്പിച്ച ഹർജി തള്ളിയെങ്കിലും അന്വേഷണ സംഘത്തിനു നിർദ്ദേശങ്ങൾ നൽകി കോടതി

 

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ കെഎസ്ആർ‌ടിസി ഡ്രൈവർ യദു നൽകിയ പരാതിയിൽ കേസന്വേഷണത്തിന് കോടതി മേൽനോട്ടം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവാണ് ഹർജി തള്ളിയത്.

‌എന്നാൽ അന്വേഷണ സംഘത്തിനു കോടതി കൂടുതൽ നിർദേശങ്ങൾ നൽകി. ഈ നിർദേശങ്ങളെല്ലാം പാലിക്കാൻ അന്വേഷണ സംഘം പ്രത്യേക ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു.

കോടതി അന്വേഷണ സംഘത്തിനു നൽകിയ നിർദ്ദേശങ്ങൾ ഇങ്ങനെ, സത്യസന്ധമായ അന്വേഷണം നടക്കണം, സാക്ഷികളുടെ മൊഴികളും ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘം ശേഖരിക്കണം, ബാഹ്യ ഇടപെടലുകളിലോ സ്വാധീനത്തിലോ വഴങ്ങരുത്, സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണം. കോടതി നൽകിയ നിർദേശങ്ങൾ സ്വീകാര്യമല്ലേയെന്ന ചോദ്യത്തിനു യദുവിന്റെ അഭിഭാഷകൻ അതേയെന്ന് പറഞ്ഞു.

കേസന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടു പോകണമെങ്കിൽ കോടതിയുടെ മേൽനോട്ടം അനിവാര്യമാണെന്നായിരുന്നു യദുവിന്റെ ആവശ്യം. മൂന്നു മാസം കൂടുമ്പോൾ അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാൻ നിർദേശിക്കണമെന്നും യദു ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ഏപ്രിൽ 28ന് മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻദേവും ബന്ധുക്കളും നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി തർക്കമുണ്ടായത് ഏറെ വിവാദമായിരുന്നു. മേയറുടെ വാഹനം ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണു തർക്കമുണ്ടായത്.

ഇതേ തുടർന്ന്കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ യദുവിനെതിരെ കേസെടുത്തിരുന്നു. വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ കാറിനു നേർക്കു ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിലാണ് കേസെടുത്തത്. പിന്നീട് യദുവിന്റെ പരാതിയിൽ കോടതി നിർദേശപ്രകാരം കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7