തിരുവനന്തപുരം: നിയമസഭാ പ്രവര്‍ത്തനത്തില്‍ നിലനില്‍ക്കുന്ന എല്ലാ ജനാധിപത്യപരമായ രീതികളേയും തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന. മലപ്പുറത്തെ സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. ചര്‍ച്ചക്ക് തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടും എല്ലാ ജനാധിപത്യപരമായ കീഴ്വഴക്കങ്ങളേയും കാറ്റില്‍പ്പറത്തിക്കൊണ്ട് സഭാ നടപടികള്‍ തടസപ്പെടുത്തുകയാണ് പ്രതിപക്ഷം ചെയ്തത്. ഇത്തരമൊരു നടപടി സഭാ ചരിത്രത്തില്‍ കേട്ടുകേള്‍വിപോലും ഇല്ലാത്തതാണ്. കേരള നിയമസഭയ്ക്ക് തീരാക്കളങ്കമാണ് ഇതുണ്ടാക്കിയതെന്നും സിപിഎം കുറ്റപ്പെടുത്തി.
ആര്‍എസ്എസ് വിരുദ്ധത വാക്കുകളില്‍ പോലും പ്രകടിപ്പിക്കാത്തവരാണ് യുഡിഎഫ്. അതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ശബ്ദിക്കാതെ അവര്‍ക്ക് ഒത്താശ ചെയ്തു. കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലേക്ക് രാഷ്ട്രീയ താല്പര്യത്തോടെ കടന്നുവന്നപ്പോൾ യുഡിഎഫ് അവര്‍ക്ക് ഓശാന പാടി. അതിനാല്‍ മലപ്പുറത്തെ കേന്ദ്രീകരിച്ച് നടത്തുന്ന ഏതൊരു ചര്‍ച്ചയും തങ്ങളുടെ മുഖംമൂടി അഴിക്കുന്നതിനാണ് ഇടയാക്കുക എന്ന് യുഡിഎഫിനറിയാം. അതുകൊണ്ട് ചര്‍ച്ചകള്‍ ഒഴിവാക്കുകയും, മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി തങ്ങളുടെ പിടിപ്പുകേട് മറച്ചുവയ്ക്കാനുള്ള ശ്രമവുമാണ് നിയമസഭ ബഹിഷ്ക്കരണത്തിലൂടെ ഉണ്ടായിട്ടുള്ളതെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.
കോണ്‍ഗ്രസ്-ലീഗ്-എസ്ഡിപിഐ-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടാണ് ഇപ്പോള്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇടതുപക്ഷത്തെ തകര്‍ക്കുകയെന്ന സംഘപരിവാര്‍ അജണ്ടക്കൊപ്പം ഇവരും അണിചേര്‍ന്നിരിക്കുകയാണ്. പി.വി.അന്‍വറെ ഉപയോഗപ്പെടുത്തിയുള്ള രാഷ്ട്രീയ നാടകം അരങ്ങേറുന്നത് ഇതിന്റെ ഭാഗമായാണ്. പാർട്ടി പ്രവര്‍ത്തകരും, അനുഭാവികളും അവരുടെ യോഗങ്ങളില്‍ എത്താതായതോടെ കോണ്‍ഗ്രസിന്റേയും, ലീഗിന്റേയും പ്രവര്‍ത്തകരെ അത്തരം ഗണത്തില്‍പ്പെടുത്താനാണ് വലതുപക്ഷ മാധ്യമങ്ങളോട് ചേര്‍ന്ന് ഇവര്‍ പരിശ്രമിക്കുന്നത്.
അന്‍വര്‍ മുന്നോട്ടുവയ്ക്കുന്ന ജില്ലാ വിഭജനമുള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ മതരാഷ്ട്ര കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യങ്ങളാണെന്ന് തിരിച്ചറിയണം. സാമൂഹ്യ ധ്രുവീകരണം സൃഷ്ടിച്ച് നേട്ടം കൊയ്യാനുള്ള മതരാഷ്ട്രവാദികളുടേയും, വലതുപക്ഷ രാഷ്ട്രീയത്തിന്റേയും, ഒരു കൂട്ടം മാധ്യമങ്ങളുടേയും ശ്രമങ്ങള്‍ കേരളത്തില്‍ വിലപ്പോകില്ലെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.
CPM Slams Opposition for “Destroying Democratic Norms” in Kerala Assembly
Communist Party of India Marxist CPM Kerala News Kerala Assembly Latest News Pinarayi Vijayan pv anwar