സ്വന്തം ലേഖിക
തിരുവനന്തപുരം: അതിരൂക്ഷമായ കുടിവെള്ള ക്ഷാമം കാരണം പൊറുതിമുട്ടി ജനങ്ങള്‍. തിരുവനന്തപുരത്തെ പ്രധാന നഗരപ്രദേശമായ വഴുതക്കാട് മുതല്‍ പാളയം വരെയുള്ള ഭാഗത്താണ് വെള്ളം കിട്ടാതെ ജനങ്ങള്‍ നെട്ടോട്ടമോടുന്നത്. പാളയം വാര്‍ഡില്‍ ഫോറസ്റ്റ് ലൈന്‍ ഡിയിലെ 90 ലധികം വീടുകളില്‍ കഴിഞ്ഞ ഒമ്പത് ദിവസമായി ഒരു തുള്ളി കുടിവെള്ളംപോലും ലഭിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പലതവണ വാട്ടര്‍ അതോറിട്ടിയുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
സ്മാര്‍ട്ട് സിറ്റി പ്രോജക്ട് നടക്കുന്നുവെന്ന പേരുപറഞ്ഞാണ് കഴിഞ്ഞ രണ്ടുമാസമായി കുടിവെള്ളം നിഷേധിക്കുന്നത്. മുന്‍പ് വല്ലപ്പോഴും ചെറിയ രീതിയില്‍ വെള്ളം ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ പൂര്‍ണമായും നിലച്ച അവസ്ഥയാണുള്ളത്. പരാതി പറയാനായി വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥരെയും നഗരസഭാ അധികൃതരെയും ബന്ധപ്പെട്ടിട്ടും നടപടിയുണ്ടായില്ല. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലുള്ള അധികാരികളെ വിളിച്ചിട്ട് കാര്യമില്ലെങ്കില്‍ക്കൂടി ഗത്യന്തരമില്ലാതെ വിളിക്കേണ്ടി വരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. പ്രദേശത്തെ ഹോട്ടലുകളും കടകളുമെല്ലാം കുടിവെള്ളക്ഷാമത്തിന്റെ ആശങ്കയിലാണുള്ളത്. അതിനിടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതുവഴി കുറേയെറെ വെള്ളം നിരത്തുകളില്‍ ഒഴുകിപ്പോകുന്നുമുണ്ട്.
ജലക്ഷാമമുള്ള പ്രദേശങ്ങളില്‍ സാധാരണഗതിയില്‍ വാട്ടര്‍ അതോറിട്ടിയുടെ ടാങ്കറുകളില്‍ വെള്ളമെത്തിച്ചുനല്‍കുന്ന പതിവുണ്ട്. എന്നാലിവിടെ അതും ലഭ്യമാകുന്നില്ല. വെള്ളത്തിനായി കോര്‍പ്പറേഷന്‍ ടാങ്കറുകളെ സമീപിക്കുമ്പോഴെല്ലാം വെള്ളം ലഭിക്കണമെങ്കില്‍ വന്‍ തുക നല്‍കണമെന്നാണ് പറയുന്നത്. പണം കൊടുത്തുവെള്ളം വാങ്ങി കച്ചവടം ചെയ്യേണ്ട അവസ്ഥയിലാണ് വ്യാപാരികളും. അതേസമയം അടുത്ത ഒമ്പതു ദിവസംകൂടി വെള്ളം മുടങ്ങിയേക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.