തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ തിരച്ചിൽ അവസാനിപ്പിച്ച ശേഷവും കാണാതായവരുണ്ടെങ്കിൽ അവരെ മരിച്ചവരായി കണക്കാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ റജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയെ സമീപിക്കും. ഓഗസ്റ്റ് രണ്ടിലെ കണക്കനുസരിച്ച് 300 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇതുവരെ 319 പേരാണ് മരിച്ചത്. തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹങ്ങൾ പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും. 86 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നുണ്ട്.
വിപുലമായി പാക്കേജ് വേണ്ടിവരും
ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരുടെയും കാണാതായവരുടെയും കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയാണു നഷ്ടപരിഹാരം സർക്കാർ നൽകിയത്. ഇവരുടെ സ്വർണപ്പണയം ഒഴികെയുള്ള വായ്പകളെല്ലാം എഴുതിത്തള്ളാനും തീരുമാനിച്ചു. തിരിച്ചടയ്ക്കാനുള്ള മുതലിന്റെ 60% തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണു കൈമാറിയത്. ബാക്കി തുക ബാങ്കുകൾ സ്വയം എഴുതിത്തള്ളുകയും പലിശയും പിഴപ്പലിശയും വേണ്ടെന്നുവയ്ക്കുകയും വേണമെന്നായിരുന്നു നിർദേശം. വയനാട്ടിൽ ഉറ്റവരെ നഷ്ടപ്പെട്ടതിനു പുറമേ കിടപ്പാടം വരെ ഇല്ലാതായതിനാൽ കൂടുതൽ വിപുലമായി പാക്കേജ് തന്നെ പ്രഖ്യാപിക്കേണ്ടി വരും.
ഓഖി ദുരന്തത്തിൽ 52 പേർ മരിച്ചെന്നും 91പേർ തിരിച്ചുവന്നിട്ടില്ലെന്നുമായിരുന്നു സർക്കാരിന്റെ കണക്ക്. നഷ്ടപരിഹാരമായി പ്രഖ്യാപിച്ച 20 ലക്ഷം രൂപ മാതാപിതാക്കൾക്കും ജീവിതപങ്കാളിക്കും മക്കൾക്കുമായി പങ്കുവച്ചാണു നൽകിയത്. 5 വർഷത്തേക്കുള്ള സ്ഥിരനിക്ഷേപമായാണു പണം അക്കൗണ്ടുകളിലേക്കു കൈമാറിയത്. പ്രതിമാസമുള്ള പലിശ ആശ്രിതർക്ക് എടുക്കാം. മക്കൾക്ക് വിവാഹ ആവശ്യത്തിനു പണം പിൻവലിക്കാനും അനുമതി നൽകിയിരുന്നു.
ദൂരെ നിന്ന് നിങ്ങളുടെ ഐഫോണിലേക്ക് കടന്നു കയറും, മുന്നറിയിപ്പ് നൽകി ആപ്പിൾ; ഗൗരവത്തിലെടുക്കുക
മരണ സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്
ഒരാളെ കാണാതായി 7 വർഷം കഴിഞ്ഞാൽ കോടതി ഉത്തരവിന്റെ കൂടി അടിസ്ഥാനത്തിൽ മരണ സർട്ടിഫിക്കറ്റ് അനുവദിക്കാമെന്നാണു വ്യവസ്ഥ.മരണ സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ മാത്രമാണ് അവകാശികൾക്കു നഷ്ടപരിഹാരവും മറ്റു രേഖകളും ലഭിക്കുക. വയനാട് ദുരന്തത്തിൽ സർക്കാർ ഇതുവരെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപിക്കുമ്പോൾ അവ കൈപ്പറ്റുന്നതിനുള്ള വ്യവസ്ഥകളും അറിയിക്കുമെന്നാണു സൂചന. കേരളത്തിൽ ഓഖിയിലും പ്രളയത്തിലും കാണാതായവരുടെ ആശ്രിതർക്കു മരണ സർട്ടിഫിക്കറ്റ് അനുവദിക്കാൻ റജിസ്ട്രാർമാർക്ക് ചീഫ് റജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിരുന്നു. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരമായിരുന്നു നടപടി.
‘പഞ്ചാബിഹൗസ്’ നിർമിച്ചതിൽ അപാകത; ഹരിശ്രീ അശോകന് 17.83 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
അന്വേഷണം, നടപടികൾ
പ്രകൃതിദുരന്തങ്ങളിൽ കാണാതാകുന്നവരെക്കുറിച്ച് കൃത്യമായ അന്വേഷണവും നടപടികളും പൂർത്തീകരിച്ച് മരണ സർട്ടിഫിക്കറ്റ് നൽകാം. കാണാതായതു സംബന്ധിച്ച് അടുത്ത ബന്ധുവിന്റെ പരാതിയിൽ പൊലീസ് കേസ്, നോട്ടറി പബ്ലിക്കിന്റെ സത്യവാങ്മൂലം, തഹസിൽദാരുടെയോ സബ് ഡിവിഷനൽ മജിസ്ട്രേട്ടിന്റെയോ ഉത്തരവ്, പത്രങ്ങളിലും ഗസറ്റിലും വിജ്ഞാപനം, ആക്ഷേപം അനുവദിക്കാൻ 30 ദിവസം സമയം തുടങ്ങിയ നടപടിക്രമങ്ങൾ പാലിക്കണം.