രാമക്ഷേത്ര പ്രതിഷ്ഠാദിനമായ ജനുവരി 22ലേക്ക് തങ്ങളുടെ പ്രസവം ക്രമീകരിക്കണമെന്ന ആവശ്യവുമായി ഗര്‍ഭിണികള്‍

അയോധ്യ: രാമക്ഷേത്ര പ്രതിഷ്ഠാദിനമായ ജനുവരി 22ലേക്ക് തങ്ങളുടെ പ്രസവം ക്രമീകരിക്കണമെന്ന ആവശ്യവുമായി ഗര്‍ഭിണികള്‍. കാണ്‍പൂരിലെ ആശുപത്രിയിലെ നിരവധി ഗര്‍ഭിണികളാണ് ഈ ആവശ്യവുമായി ഡോക്ടറെ സമീപിച്ചത്. രേഖാമൂലമുള്ള 14 അപേക്ഷകള്‍ ഇതിനോടകം ലഭിച്ചതായി മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി സീമാ ദ്വിവേദി പറഞ്ഞു.

ഒരേ ലേബര്‍റൂമില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്നുമാണ് സ്ത്രീകളുടെ ആവശ്യം. ജനുവരി 22ന് 35 സിസേറിയന്‍ ഓപ്പറേഷനുകള്‍ നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. ചിലര്‍ പുരോഹിതന്മാരില്‍നിന്നും ശുഭകരമായ സമയംവരെ കുറിച്ചുവാങ്ങുന്നുണ്ട്. പുരോഹിതര്‍ പറയുന്ന സമയങ്ങളില്‍ കുഞ്ഞുങ്ങളെ പുറത്തെടുക്കുന്ന അനുഭവം മുമ്പും ഉണ്ടായിട്ടുണ്ട്. ധീരതയുടേയും സത്യസന്ധതയുടേയും ആജ്ഞാനുവര്‍ത്തിത്വത്തിന്റേയും പ്രതീകമായാണ് ശ്രീരാമനെ അമ്മമാര്‍ കാണുന്നത്. അതിനാല്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുനടക്കുന്ന ദിവസം ജനിച്ചാല്‍ ഈ ഗുണങ്ങള്‍ തങ്ങളുടെ മക്കള്‍ക്കും ഉണ്ടാവുമെന്ന് അമ്മമാര്‍ വിശ്വിക്കുന്നു- ഡോ. സീമാ ദ്വിവേദി പറഞ്ഞു.

കാണ്‍പുര്‍ സ്വദേശിയായ മാല്‍തി ദേവി ഇത്തരത്തില്‍ അപേക്ഷ നല്‍കിയവരില്‍ ഒരാളാണ്. ഇവരുടെ പ്രസവതീയതി നിശ്ചയിച്ചിരുന്നത് ജനുവരി 17-ന് ആയിരുന്നു. പ്രതിഷ്ഠാചടങ്ങുനടക്കുന്ന ദിവസംതന്നെ കുഞ്ഞുജനിക്കാനാണ് ആഗ്രഹമെന്ന് മാല്‍തി പറഞ്ഞു. 100 വര്‍ഷമായി രാമക്ഷേത്രത്തിനായി കാത്തിരിക്കുന്നു, ഞങ്ങളുടെ കുട്ടി ലോകത്തേക്ക് പ്രവേശിക്കുന്നത് ഭാഗ്യ നിമിഷമായിരിക്കുമെന്നും അവര്‍ പറയുന്നു.

നല്ലസമയത്ത് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നല്ല ഗുണമുണ്ടാകുമെന്ന് ആളുകള്‍ വിശ്വസിക്കുന്നതായി മനശാസ്ത്രവിദഗ്ധ ദിവ്യ ഗുപ്ത പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7