ഗാസ മുനമ്പിൽ താൽക്കാലിക വെടിനിർത്തൽ ആരംഭിച്ചു

ഗാസ മുനമ്പിൽ ആശ്വാസത്തിന്‍റെ തിരിനാളം. താൽക്കാലിക വെടിനിർത്തൽ പശ്ചിമേഷ്യൻ സമയം ഇന്ന് രാവിലെ ഏഴ് മുതൽ തുടങ്ങി. ബന്ദികളുടെ ആദ്യ സംഘത്തെ ഇന്ന് വൈകീട്ട് നാല് മണിയോടെ ഹമാസ് മോചിപ്പിക്കും. ശാശ്വത സമാധാനത്തിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രി അറിയിച്ചു.

ഗാസയില്‍ നാല് ദിവസത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തറാണ് നിര്‍ണായക ചർച്ചകൾക്ക് മധ്യസ്ഥം വഹിച്ചത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 7 മണി മുതലാണ് വെടിനിർത്തൽ പ്രാബല്യത്തില്‍ വന്നത്. ഇന്ന് കൈമാറുന്ന ബന്ദികളുടെ ലിസ്റ്റ് ഇസ്രയേൽ ഇന്‍റലിജൻസ് വിഭാഗത്തിന് ഹമാസ് ഇന്നലെ കൈമാറിയിരുന്നു. വൈകീട്ട് നാല് മണിക്ക് ബന്ദികളുടെ ആദ്യ ബാച്ചിലെ ആളുകളെ കൈമാറാനാണ് തീരുമാനം.

പ്രായമുള്ള സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 13 ബന്ദികളെ ഹമാസ് വിട്ടയയ്ക്കുമെന്ന് ഖത്തർ നേരത്തെ വ്യക്തമാക്കിയിരുന്നു. ബന്ദികളുടെ ആദ്യബാച്ചിനെ റെഡ്ക്രോസിനാണ് കൈമാറുക. നാല് ദിവസത്തിനുള്ളില്‍ 50 ബന്ദികളെ മോചിപ്പിക്കാനാണ് കരാറെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി എക്സിലൂടെ (ട്വിറ്റർ) പറഞ്ഞു. ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന പലസ്തീന്‍ തടവുകാരെ മോചിപ്പിക്കാനും ധാരണയായി. എത്രപേരെ വിട്ടയക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7