തിരുവനന്തപുരം: ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയ സ്വകാര്യ ആശുപത്രി പലിശ സഹിതം 82 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കാന് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. ഭ്രൂണത്തിന് അരക്ക് താഴോട്ട് വളര്‍ച്ചയില്ലെന്ന് സ്കാനിങ്ങിലൂടെ കണ്ടെത്തുന്നതില്‍ പരാജയപ്പെടുകയും സ്കാനിങ് റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിക്കുകയും ചെയ്ത ആശുപത്രി അധികൃതര്‍ക്ക് രൂക്ഷ വിമര്‍ശനത്തോടെയാണ് കമ്മീഷന്റെ തീരുമാനം. ഇല്ലാത്ത കാലുകളുടെ തുടയെല്ലിന്റെ നീളം ആണ് സ്കാനിംഗ് റിപ്പോര്‍ട്ടുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശ മലയാളി ദമ്പതികളായ ജയേഷ്, രശ്മി ദാസ് എന്നിവരുടെ പരാതിയിലാണ് 8 വര്‍ഷത്തിനു ശേഷം വിധി വന്നിരിക്കുന്നത്.
പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിക്ക് എതിരെയായിരുന്നു ദമ്പതികളുടെ പരാതി. ഗര്‍ഭിണിയായി പത്ത് ആഴ്ച പിന്നിട്ടപ്പോഴാണ് രശ്മി നാട്ടിലെ ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്നുള്ള ആഴ്ചകളില്‍ സ്കാനിങ്ങുകള്‍ നടത്തിയെങ്കിലും ഒന്നിലും ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ അറിഞ്ഞിരുന്നില്ല. യുവതിയെ വിശദമായ അനോമലി സ്കാനിങ്ങിനു വിധേയയാക്കിയതുമില്ല. 2015 ജനുവരി 10ന് സിസേറിയനിലൂടെ രശ്മി ആണ്‍കുഞ്ഞിന് ജന്മം നല്കി. അപ്പോഴാണ് നവജാത ശിശുവിന് അരയ്ക്ക് താഴോട്ട് വളര്‍ച്ചയില്ലെന്ന് തിരിച്ചറിഞ്ഞത്. ശിശുവിന് ഇടുപ്പെല്ലും കാലുകളും ഇല്ലായിരുന്നു.
ഇതിന് പിന്നാലെ 17 മാര്‍ച്ച് 2015നാണ് ദമ്പതികള്‍ കമ്മീഷന് മുമ്പാകെ പരാതി നല്‍കിയത്. തുടര്‍ന്ന് മുന്നോട്ട് 45 തവണയായി ഇരുകൂട്ടരുടെയും ഭാഗങ്ങള്‍ കേട്ട ശേഷമാണ് ഇക്കഴിഞ്ഞ നാലിന് കമ്മീഷന് വാദികള്‍ക്ക് 82 ലക്ഷം രൂപ ഒരു മാസത്തിനുള്ളില്‍ ആശുപത്രിയും ഡോക്ടര്‍മാരും ചേര്‍ന്ന് നല്‍കണം എന്ന് ഉത്തരവ് ഇടുന്നത്. ജുഡീഷ്യല്‍ മെമ്പര്‍ ഡി. അജിത് കുമാര്‍, കെ.ആര് രാധാകൃഷ്ണന് എന്നിവരുള്‍പ്പെട്ട കമ്മീഷന് ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കുഞ്ഞിന്റെ വൈകല്യത്തേക്കുറിച്ച് പരാതി ഉന്നയിച്ച ബന്ധുക്കളോട് അള്‍ട്രാസൗണ്ട് സൗണ്ട് സ്കാനിംഗ് കൊണ്ട് 100 ശതമാനം കൃത്യതയോടെ കുഴപ്പങ്ങള്‍ കണ്ടുപിടിക്കാനാവില്ല എന്നും ഗര്‍ഭസ്ഥ ശിശുവിന്റെ കിടപ്പ്, അമ്നിയോട്ടിക് ഫ്ലൂയിഡിന്റെ കുറവ് ഇതൊക്കെ വൈകല്യങ്ങള്‍ കണ്ടെത്തുന്നതിന് തടസ്സമായേക്കാം എന്നുമായിരുന്നു ആശുപത്രി അധികൃതര്‍ അറിയിച്ചത്.
സ്കാനിങ്ങില്‍ പ്രത്യേകിച്ച് തകരാറൊന്നും കണ്ടെത്താന്‍ കഴിയാഞ്ഞത് കൊണ്ടാണ് വിശദമായ അനോമലി സ്കാനിംഗ് നടത്താഞ്ഞതെന്നാണ് കുറ്റാരോപിതരായ ഡോക്ടര്‍മാരായ കെന്നി എ തോമസും പ്രീത ബിജുവും വാദിച്ചത്. അനോമലി സ്കാനിംഗ് നടത്താഞ്ഞത് ആശൂപത്രിയുടെ വീഴ്ചയായി കമ്മീഷന് കണ്ടെത്തി. മാത്രമല്ല റേഡിയോളജിസ്റ് നടത്തേണ്ട സ്കാനിംഗ് അതില്‍ പ്രാവീണ്യമില്ലാത്ത ഒരു ഡോക്ടറാണ് ചെയ്തത്. അമ്നിയോട്ടിക് ഫ്ലൂയിഡിന്റെ കുറവുണ്ടായത് കൊണ്ടാണ് വൈകല്യം അറിയാന്‍ പറ്റാഞ്ഞതെങ്കില്‍ ഫ്ലൂയിഡിന്റെ കുറവ് സ്കാനിംഗ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തേണ്ടതായിരുന്നു. ശിശുവിന്റെ ചലനത്തെക്കുറിച്ചു യാതൊരു കുഴപ്പങ്ങളും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിട്ടില്ല. ഏറ്റവും ഗുരുതരമായ വീഴ്ച കാലുകള്‍ ഇല്ലാത്ത ശിശുവിന്റെ തുടയെല്ലിന്റെ നീളം റിപ്പോര്‍ട്ടുകളില്‍ രേഖപ്പെടുത്തിയിരുന്നു എന്നതാണ്.
ആരോഗ്യപ്രശ്നം; ഭക്ഷണസാധനങ്ങള്‍ കടലാസില്‍ വില്ക്കുന്നവരും വാങ്ങുന്നവരും ശ്രദ്ധിക്കുക
ആശുപത്രിയുടെ കൃത്യവിലോപം കൊണ്ട് കുഞ്ഞിനും മാതാപിതാക്കള്‍ക്കും ജീവിതം ദുരിതമായെന്ന് കമ്മീഷന് അഭിപ്രായപ്പെട്ടു. യുവതിക്ക് നാല് മാസമായപ്പോള്‍ നടത്തിയ സ്കാനിങ്ങില്‍ ഗര്‍ഭസ്ഥശിശു ആരോഗ്യവാനാണെന്നും പറഞ്ഞിരുന്നു. കൃത്യമായ അനോമലി സ്കാനിംഗ് നടത്താത്തതിനാല്‍ ഭ്രൂണത്തിന് അരയ്ക്ക് താഴോട്ട് വളര്‍ച്ചയില്ലെന്ന വിവരം കണ്ടെത്തുന്നതില്‍ ആശുപത്രി അധികൃതര്‍ പരാജയപ്പെട്ടു എന്ന് കമ്മീഷന് പറഞ്ഞു. അള്‍ട്രാസൗണ്ട് സ്കാനിങ് ഫലങ്ങള്‍ 100% കൃത്യമാണെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും മറ്റ് പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നതിനാല്‍ എല്ലാ വൈകല്യങ്ങളും കണ്ടെത്താനാകില്ലെന്നുമാണ് സെന്റ് ലൂക്ക് (ന്യൂ ലൈഫ് ഫെര്‍ട്ടിലിറ്റി സെന്റര്‍) ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടത്.
പ്രോട്ടോക്കോള്‍ അനുസരിച്ചാണ് സ്കാനിംഗ് നടത്തിയത്. അതില്‍ ശിശുവിന് ഒരു തരത്തിലുള്ള വൈകല്യങ്ങള്‍ ഉള്ളതായും കണ്ടെത്തിയിരുന്നില്ല. അതിനാല്‍ വിശദമായ അനോമലി സ്കാന്‍ നടത്തിയിട്ടില്ലെന്നാണ് അധികൃതര്‍ വിശദമാക്കിയത്. ഗര്‍ഭാവസ്ഥയുടെ 18-ാം ആഴ്ചയില്‍ ഭ്രൂണഞ്ഞിന്റെ വൈകല്യങ്ങള്‍ സ്കാനിംഗില്‍ വിലയിരുത്താന്‍ കഴിയുമെന്ന് തിരുവനന്തപുരത്തെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രി റേഡിയോ ഡയഗ്നോസിസ് വിഭാഗം മേധാവിയുടെ അഭിപ്രായം കമ്മീഷന് ശ്രദ്ധയില്‍പ്പെടുത്തി. ഭ്രൂണഞ്ഞിന്റെ വൈകല്യങ്ങള്‍ തിരിച്ചറിയുന്നതില്‍ ആശുപത്രി പരാജയപ്പെട്ടെന്നും സോണോഗ്രാം റിപ്പോര്‍ട്ടുകളില്‍ ഇത് വ്യക്തമാണെന്നും വിദഗ്ധന്‍ പറഞ്ഞു.