നിയമസഭയിൽ അന്ധവിശ്വാസത്തിന്റെ പേരിൽ അടച്ചിട്ട വാതിൽ തുറന്ന് മുഖ്യമന്ത്രി

ബെംഗളൂരു: കര്‍ണാടക നിയമസഭാ മന്ദിരത്തില്‍ (വിധാന്‍ സൗധ) അശുഭകരമെന്ന കാരണംപറഞ്ഞ് വര്‍ഷങ്ങളായി അടച്ചിട്ടിരുന്ന വാതില്‍ തുറന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രിയുടെ ചേംബറിലേക്ക് തെക്കുനിന്ന് പ്രവേശിക്കാവുന്ന വാതിലാണ് കാലങ്ങളായി അടച്ചിട്ടിരുന്നത്. മുഖ്യമന്ത്രി ആ വാതിലിലൂടെ മുറിയ്ക്കുള്ളിലേക്ക് കടന്നാൽ തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് വിശ്വാസം നിലനില്‍ക്കുന്നുണ്ട്. ഈ വാതിലാണ് ശനിയാഴ്ച സിദ്ധരാമയ്യ തുറന്നത്.

വാതില്‍ തുറന്നശേഷം വാസ്തു സംബന്ധിച്ച് തന്റെ കാഴ്ചപ്പാട് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ‘എവിടെയാണോ ആരോഗ്യമുള്ള മനസ്സും ശുദ്ധമായ ഹൃദയവും ജനങ്ങളോടുള്ള കരുതലും നമുക്കുണ്ടാകുന്നത് അവിടമാണ് നല്ല വാസ്തുവുള്ള ഇടം. സ്വാഭാവികവെളിച്ചവും ശുദ്ധവായുവും അവിടെയുണ്ടാകണം’, അദ്ദേഹം പറഞ്ഞു. വാതില്‍ തുറക്കുന്ന ചിത്രത്തോടൊപ്പം ഇക്കാര്യവും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു.

ഇനിമുതല്‍ ചേംബറിലേക്ക് കയറാനും ഇറങ്ങാനും ഈ വാതില്‍ ഉപയോഗിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. 2013-ല്‍ മുഖ്യമന്ത്രിപദത്തില്‍ എത്തിയ സമയത്ത് സിദ്ധരാമയ്യ ഈ വാതില്‍ തുറന്നിരുന്നു. 2018-ല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയെങ്കിലും ഓപ്പറേഷന്‍ കമലയിലൂടെ ഭരണം നഷ്ടമായി. 2018-നു ശേഷം മുഖ്യമന്ത്രിസ്ഥാനത്തെത്തിയ എച്ച്.ഡി. കുമാരസ്വാമി, ബി.എസ്. യെദ്യൂരപ്പ, ബസവരാജ ബൊമ്മൈ എന്നിവരൊന്നും ഈ വാതില്‍ ഉപയോഗിച്ചിരുന്നില്ല.

1998-ല്‍ അന്നത്തെ മുഖ്യമന്ത്രി ജെ.എച്ച്. പാട്ടീല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് വാതിൽ അശുഭകരമാണെന്ന അന്ധവിശ്വാസം തുടങ്ങിയത്. ആ വാതില്‍ ശപിക്കപ്പെട്ടതാണെന്നും അത് ഉപയോഗിക്കുന്ന മുഖ്യമന്ത്രി അടുത്ത തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും പ്രചാരണമുണ്ടായി. പിന്നാലെ വാതിലിന് പൂട്ടുംവീണു.

ശനിയാഴ്ച, വിധാന്‍സൗധയില്‍ അന്നഭാഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നതോദ്യോഗസ്ഥരുമായി ചര്‍ച്ചയ്ക്ക് എത്തിയതായിരുന്നു സിദ്ധരാമയ്യ. മൂന്നാംനിലയിലാണ് അദ്ദേഹത്തിന്റെ ഓഫീസ്. ഇവിടേക്ക് എത്തിയപ്പോഴാണ് വാതില്‍ അടച്ചിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് എന്താണ് വാതില്‍ തുറക്കാത്തതെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആരാഞ്ഞു. വാതില്‍ അശുഭകരമെന്നാണ് കരുതപ്പെടുന്നതും അതിനാലാണ് തുറക്കാത്തതെന്നും ഉദ്യോഗസ്ഥര്‍ സിദ്ധരാമയ്യയെ അറിയിച്ചു. തുടര്‍ന്ന് വാതില്‍ തുറക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7