തിരുവനന്തപുരം: സർക്കാരുമായി നിരന്തരം ഏറ്റുമുട്ടുന്ന ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നൊഴിവാക്കാൻ അണിയറനീക്കം. ഇതിനായി, സർവകലാശാലാ ഭരണപരിഷ്കാരത്തിനായി നിയോഗിക്കപ്പെട്ട ശ്യാം ബി. മേനോൻ കമ്മിഷന്റെ ശുപാർശ നടപ്പാക്കാൻ സർക്കാർ കൂടിയാലോചന തുടങ്ങി. ഓരോ സർവകലാശാലയ്ക്കും പ്രത്യേകം ചാൻസലറെ നിയമിക്കണമെന്നാണ് കമ്മിഷൻ ശുപാർശ.
നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടില്ലെന്നു സൂചിപ്പിച്ചും മുഖ്യമന്ത്രിക്കെതിരേ തുറന്നടിച്ചും ഗവർണർ നടത്തിയ പരാമർശങ്ങളാണ് ഇപ്പോഴത്തെ നീക്കത്തിനുപിന്നിൽ. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു നീക്കാനുള്ള സാധ്യതകളെക്കുറിച്ചാണ് ഉന്നത ഉദ്യോഗസ്ഥരോടും നിയമവിദഗ്ധരോടുമായി സർക്കാർ കൂടിയാലോചനകൾ നടത്തുന്നത്.
ചാൻസലർപദവിയിൽ ഗവർണറുടെ അധികാരം കുറയ്ക്കാൻ രണ്ടുകമ്മിഷൻ റിപ്പോർട്ടുകൾ സർക്കാരിന്റെ മുന്നിലുണ്ടെന്നിരിക്കേ, ഇക്കാര്യത്തിൽ ഇനി രാഷ്ട്രീയതീരുമാനമാണ് പ്രധാനമായി വേണ്ടതെന്ന് ഉന്നതവൃത്തങ്ങൾ ‘മാതൃഭൂമി’യോടു വ്യക്തമാക്കി.
ചാൻസലർക്കുമുകളിൽ ജുഡീഷ്യൽ ട്രിബ്യൂണൽ രൂപവത്കരിക്കണമെന്നാണ് സർവകലാശാലാ നിയമപരിഷ്കാരത്തിനുള്ള ഡോ. എൻ.കെ. ജയകുമാർ കമ്മിഷന്റെ ശുപാർശ. ഗവർണറെ ചാൻസലറായി നിലനിർത്തി, അധികാരം കുറയ്ക്കുന്ന ശുപാർശകളാണ് ഈ റിപ്പോർട്ടിൽ. വി.സി. നിയമനങ്ങൾക്കുള്ള സർവകലാശാലാ നിയമഭേദഗതി ബിൽ സർക്കാർ നിയമസഭയിൽ കൊണ്ടുവന്നത് അങ്ങനെയായിരുന്നു.
ജയകുമാർ കമ്മിഷൻ റിപ്പോർട്ടനുസരിച്ച് ചാൻസലറായി ഗവർണർ തുടരട്ടെയെന്ന നിലപാടിലായിരുന്നു ആദ്യം മുഖ്യമന്ത്രിയും സി.പി.എമ്മും. കൈവിട്ടകളിയുമായി ഗവർണർ രംഗത്തിറങ്ങിയതോടെയാണ് ഇപ്പോഴത്തെ മനംമാറ്റം. അതിനാലാണ്, ചാൻസലർ പദവിയിൽ ഗവർണറെ നീക്കാനുള്ള ശ്യാം ബി. മേനോൻ കമ്മിഷൻ ശുപാർശ പരിഗണിക്കാൻ സർക്കാർ ഗൗരവമായി ആലോചിക്കുന്നത്. ഇതിനായി ഉന്നതവിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായുള്ള ബില്ലുകൾ വൈകാതെ നിയമസഭയിൽ കൊണ്ടുവരാനുള്ള തയ്യാറെടുപ്പും സർക്കാർ ആരംഭിച്ചു.
ഗവർണറുടെ ആവശ്യവും ആയുധം
കണ്ണൂർ വി.സി.യായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതു വിവാദമായപ്പോൾ ചാൻസലർ പദവിയൊഴിയാൻ ഗവർണർ താത്‌പര്യം പ്രകടിപ്പിച്ചിരുന്നു. തുടർന്ന്, തന്നെ ചാൻസലർ സ്ഥാനത്തുനിന്നൊഴിവാക്കാൻ ആവശ്യപ്പെട്ട് അന്ന് ഗവർണർ മുഖ്യമന്ത്രിക്കു കത്തും നൽകി. ഗവർണർ ഉന്നയിച്ച ഈ ആവശ്യം സർക്കാരും ആയുധമാക്കും.
സർവകലാശാലാബില്ലിലെ ചർച്ചയ്ക്കിടെ ചാൻസലർ പദവിയിൽ ഗവർണറെ നിലനിർത്തുന്നതെന്തിനെന്ന് പ്രതിപക്ഷം നിയമസഭയിൽ സർക്കാരിനോടു ചോദിച്ചിരുന്നു. കോൺഗ്രസ് ഭരണമുള്ള രാജസ്ഥാനിൽ ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്നൊഴിവാക്കിയതിനാൽ ഇപ്പോഴത്തെ നീക്കം പ്രതിപക്ഷത്തിനും എതിർക്കാനാവില്ലെന്ന് സർക്കാർ കരുതുന്നു.
കമ്മിഷൻ ശുപാർശ ഇങ്ങനെ:
ഓരോ സർവകലാശാലയ്ക്കും പ്രത്യേകം ചാൻസലർ വേണം.
സർവകലാശാലകളിൽ സെനറ്റിനു പകരമായി നിയമിക്കപ്പെടുന്ന ബോർഡ് ഓഫ് റീജന്റ്‌സിൽനിന്നും ചാൻസലറെ തിരഞ്ഞെടുക്കണം.
അക്കാദമികം, ശാസ്ത്രം, സാംസ്കാരികം, ഭരണനിർവഹണം, പൊതുപ്രവർത്തനം തുടങ്ങിയ മേഖലകളിൽ നേതൃപാടവവും മികവും തെളിയിച്ചവരും സാർവത്രികമായി ബഹുമാനിക്കപ്പെടുന്നവരുമായിരിക്കണം ചാൻസലർ.