ന്യൂഡല്‍ഹി: എന്‍.ഐ.എയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. പത്രം വായിക്കുന്നവര്‍ പോലും എന്‍.ഐ.എയ്ക്ക് പ്രശ്‌നക്കാരാണോയെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. യു.എ.പി.എ. കേസില്‍ സഞ്ജയ് ജെയ്ന്‍ എന്നയാള്‍ക്ക് ജാര്‍ഖണ്ഡ് ഹൈക്കോടതി നല്‍കിയ ജാമ്യം ശരിവെച്ചാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. സഞ്ജയ് ജെയിനിനെതിരെ എന്‍.ഐ.എ. നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് രമണ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തള്ളി.
ആധുനിക് പവര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്‌സസ് എന്ന കമ്പനിയുടെ ജനറല്‍ മാനേജരാണ് സഞ്ജയ് ജയിന്‍. 2018-ലാണ് മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എന്‍.ഐ.എ. ജെയ്നിനെ കസ്റ്റഡിയില്‍ എടുത്തത്. ഝാര്‍ഖണ്ഡിലെ മാവോയിസ്റ്റ് വിഭാഗമായ തൃത്യ പ്രസ്തുതി കമ്മിറ്റി (Tritiya Prastuti Committee) ഭീഷണിപ്പെടുത്തി പണം പിരിപ്പിക്കുന്നതുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കേസ്. ജെയിനിന് എതിരെ യു.എ.പി.എ. പ്രകാരമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.
2021-ല്‍ ജെയിനിന് ഝാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. നിരോധിത മാവോയിസ്റ്റ് സംഘടനയുടെ നേതാവിനെ സന്ദര്‍ശിക്കുകയും പണമോ ലെവിയോ നല്‍കുകയും ചെയ്തുവെന്ന കാരണത്താല്‍ യു.എ.പി.എ. നിയമം നിലനില്‍ക്കുമോ എന്ന കാര്യത്തിലും ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.