തനിക്കെതിരായ ലൈംഗിക പീഡന പരാതി നിഷേധിച്ച് നടനും നിർമാതാവുമായ വിജയ് ബാബു. ഇവിടെ താനാണ് ശരിക്കും ഇരയെന്ന് വിജയ് ബാബു പറഞ്ഞു. രാത്രി വൈകി ഫെയ്സ്ബുക് ലൈവിലാണ് നടന്റെ പ്രതികരണം. പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം ലംഘിക്കുകയാണെന്ന ആമുഖത്തോടെയാണ് വിജയ് ബാബു ലൈവിൽ പ്രതികരിച്ചത്. ഈ പരാതിയെ തുടർന്ന് തന്റെ കുടുംബവും തന്നെ സ്നേഹിക്കുന്നവരും ദുഃഖം അനുഭവിക്കുമ്പോൾ എതിർ കക്ഷി സുഖമായിരിക്കുകയാണെന്നും താരം പറഞ്ഞു.
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പേടിച്ചാൽ മതിയെന്നും സംഭവത്തിൽ കൗണ്ടർ കേസും മാനനഷ്ടക്കേസും ഫയൽ ചെയ്യുമെന്നും മീടു പരാതികളിൽ ഈ കേസ് ഒരു തുടക്കമാകുമെന്നും വിജയ് ബാബു വ്യക്തമാക്കി. പരാതിക്കാരിയായ പെൺകുട്ടിയെ 2018 മുതൽ അറിയാം. അഞ്ച് വർഷത്തെ പരിചയത്തിൽ പെൺകുട്ടിയുമായി ഒരു ബന്ധവും ഉണ്ടായിട്ടില്ല. കൃത്യമായ ഓഡിഷനിലൂടെയാണ് പെൺകുട്ടി തന്റെ സിനിമയിൽ എത്തി അഭിനയിച്ചത്.
മാർച്ച് മുതൽ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400ഓളം സ്ക്രീൻ ഷോട്ടുകളും തന്റെ കയ്യിലുണ്ട്. ഡിപ്രഷനാണെന്ന് പറഞ്ഞ് പരാതിക്കാരി ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. ഒന്നര വർഷത്തോളം ആ കുട്ടിക്ക് ഒരു മെസേജും അയച്ചിട്ടില്ല. പരാതിക്കാരി തനിക്കയച്ചിരിക്കുന്ന സന്ദേശങ്ങൾ അവരുടെ കുടുംബത്തിന്റെ സങ്കടം കരുതി പുറത്തുവിടുന്നില്ല. അതിന് ശേഷം നടന്ന സംഭവങ്ങളും പറയുന്നില്ലെന്നും വിജയ് ബാബു വ്യക്തമാക്കി.
സിനിമയിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്ലാറ്റിൽ വച്ച് പല തവണ പീഡിപ്പിച്ചുവെന്നാണ് മൂന്നു ദിവസം മുൻപ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പെൺകുട്ടി പരാതി നൽകിയത്. കേസിന്റെ വിശദ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. വരും ദിവസങ്ങളിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്കു കടക്കുമെന്ന് പൊലീസ് അറിയിച്ചു.