ഞാൻ നൂറ് ശതമാനം ബിസിനസ്സുകാരന്‍, സിനിമ വിലപേശലുകൾ നടക്കുന്ന ഇടമാണ്; മോഹൻലാൽ

താൻ നൂറ് ശതമാനം ബിസിനസുകാരൻ തന്നെയാണെന്നും ആരോപണങ്ങളിൽ വിഷമമില്ലെന്നും നടൻ മോഹൻലാൽ. ഏറ്റവും പുതിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസിനു മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവാ​​ദങ്ങളോടാണ് മോഹൻലാലിന്റെ പ്രതികരണം.

ഞാൻ 100 ശതമാനം ബിസിനസ് മാൻ ആണ്. സിനിമ ഒരു വ്യവസായമാണ്. വിലപേശലുകൾ നടക്കുന്നിടമാണ്. 43 വർഷമായി സിനിമയിൽ അഭിനയിക്കുന്നു. നിർമാതാവുമാണ്. ചെയ്ത പല സിനിമകളും സാമ്പത്തികമായി നഷ്ടമുണ്ടായി. അതിലൊന്നും ആരോടും പരാതി പറഞ്ഞിട്ടില്ല.

100 കോടി മുടക്കിയാൽ 105 കോടി കിട്ടണം എന്ന് കരുതുന്നതിൽ എന്താണ് തെറ്റ്. ഞാനൊരു ബിസിനസുകാരൻ തന്നെയാണ് അതിൽ യാതൊരു സംശയവുമില്ല. തീയേറ്ററിൽ റിലീസ് ചെയ്യാനാണ് മരക്കാർ എടുത്തത്. ചിത്രം ഒടിടി റിലീസ് ആണെന്ന് ഞങ്ങളല്ല പറഞ്ഞത്. തീയേറ്റർ റിലീസ് തീരുമാനിച്ചതിന് ശേഷമാണ് ഒടിടിയുമായി കരാർ വച്ചത്. തീർച്ചയായും തീയേറ്റർ റിലീസിന് ശേഷം മരക്കാർ ഒടിടിയിലും എത്തും.. മോഹൻലാൽ പറഞ്ഞു.

തന്റെ മറ്റ് രണ്ട് ചിത്രങ്ങളായ ബ്രോ ഡാഡിയും ട്വൽത്ത് മാനും ഒടിടി റിലീസായിരിക്കുമെന്നും മോഹൻലാൽ വ്യക്തമാക്കി. പൃഥ്വിരാജാണ് ബ്രോ ഡാഡി സംവിധാനം ചെയ്യുന്നത്. ജീത്തു ജോസഫാണ് ട്വൽത്ത് മാന്റെ സംവിധായകൻ.

ഡിസംബർ 2നാണ് ലോകവ്യാപകമായി മരക്കാർ റിലീസിനെത്തുന്നത്. റിലീസിന് മുമ്പേ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. റിസർവേഷനിലൂടെ മാത്രമാണ് ചിത്രം100 കോടി ക്ലബിൽ എത്തിയത്. മരക്കാർ റിലീസ് പ്രഖ്യാപിച്ച അന്ന് മുതൽ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു.

റെക്കോർഡ് സൃഷ്ടിച്ചാണ് ചിത്രം റിലീസിനെത്തുന്നത്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 4100 സ്ക്രീനുകളിൽ പ്രദർശനത്തിനെത്തും. ദിവസേന 16,000 ഷോകൾ ചിത്രത്തിനുണ്ട്.

കേരളത്തിലെ 631 സ്ക്രീനുകളിൽ 626ലും മരക്കാർ പ്രദർശിപ്പിക്കുന്നുണ്ട്. നാളെ കുഞ്ഞാലിയുടേയും മലയാള സിനിമയുടേയും ചരിത്ര ദിവസമാണെന്നാണ് മോഹൻലാലും ചിത്രത്തിന്റെ അണിയറപ്രവർത്തകരും സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7