തിരുവനന്തപുരത്ത് വെയിറ്റിങ് ഷെഡിലേക്ക് ബസ് പാഞ്ഞുകയറി വിദ്യാര്‍ത്ഥികളടക്കം ആറ് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് ചെറുമഞ്ചലില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് വെയിറ്റിങ് ഷെഡിലേക്ക് പാഞ്ഞുകയറി അപകടം. അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു.

പരിക്കേറ്റവരില്‍ ഒരാള്‍ അപകടത്തില്‍പ്പെട്ട ബസിലെ യാത്രക്കാരനാണ്. സോമന്‍ നായര്‍ (60) എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം. വിദ്യ (13), ഗൗരി (18), വൈശാഖ് (14), വൃന്ദ (15), മിഥുന്‍ (13) എന്നിവരാണ് പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍.

നെടുമങ്ങാട് ഭാഗത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ വെയിറ്റിങ് ഷെഡ് പൂര്‍ണമായും തകര്‍ന്നു. ബസ് വളവ് തിരിഞ്ഞു വരുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ബസ് അമിതവേഗതയിലായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. രാവിലെ സ്‌കൂളിലേക്ക് പോകാന്‍ ബസ് കാത്തുനിന്ന് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7