ഉമ്മുകുല്‍സുവിന്റെ കൊലപാതകം: ചൂരല്‍ വാങ്ങിനല്‍കിയത് താനെന്ന് രണ്ടാംപ്രതി; കാറില്‍വെച്ചും മര്‍ദിച്ചു

ബാലുശ്ശേരി: ഉണ്ണികുളം വീര്യമ്പ്രത്തെ വാടകവീട്ടിൽ ഉമ്മുകുൽസു കൊല്ലപ്പെട്ട കേസിലെ രണ്ടാംപ്രതി ആദിത്യൻ ബിജുവിനെ മലപ്പുറത്തെത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി. ഒന്നാം പ്രതിയും യുവതിയുടെ ഭർത്താവുമായ താജുദ്ദീന്റെ സുഹൃത്താണിയാൾ. ക്രൂരമർദനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവം കാരണമാണ് യുവതി കൊല്ലപ്പെട്ടത്. കൊലയ്ക്ക് കൂട്ടു നിന്നതിന്റെ പേരിലാണ് ആദിത്യൻ ബിജുവും സുഹൃത്തായ ജോയൽ ജോർജും അറസ്റ്റിലായത്. ആദിത്യന്റെ ഇരിങ്ങാവൂരെ വീട്ടിലും താനൂരുമാണ് ഞായറാഴ്ച തെളിവെടുപ്പ് നടത്തിയത്.

യുവതിയെ വാടകവീട്ടിലും കാറിലും ഒന്നാംപ്രതി മർദിച്ചിരുന്നതായി ഇയാൾ പോലീസിന് മൊഴിനൽകിയിട്ടുണ്ട്. ഇതിനായി ഇരിങ്ങാവൂരിലെ കടയിൽനിന്ന് ചൂരൽവാങ്ങി നൽകിയത് താനാണെന്നും വെളിപ്പെടുത്തിയിരുന്നു. ഈ കടയിലെത്തി പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചു.

കൊലചെയ്യപ്പെട്ട ദിവസം രാവിലെ ഉമ്മുക്കുൽസുവിനെ വീര്യമ്പ്രത്ത് നിന്ന് മലപ്പുറത്തേക്ക് കൊണ്ടുപോയ കാർ ഓടിച്ചതും ഇയാളാണ്. കൊടും മർദനത്തിന് ശേഷം വൈകുന്നേരം അവശ നിലയിൽ വീര്യമ്പ്രത്തെ വാടക വീട്ടിൽ എത്തിക്കുമ്പോഴും ഇയാൾ കൂടെയുണ്ട്.

റിമാൻഡിലുള്ള ആദിത്യനെ ശനിയാഴ്ചയാണ് പോലീസ് ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങിയത്. ബാലുശ്ശേരി സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. സുരേഷ് കുമാർ, എസ്.ഐ. കെ. ബാബു, എസ്.സി.പി.ഒ. സുരാജ്, സി.പി.ഒ. ജംഷി എന്നിവരാണ് തെളിവെടുപ്പ് സംഘത്തിലുണ്ടായിരുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7