ന്യൂഡല്‍ഹി: കര്‍ഷകരെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് യുപിയിലെ ലഖിംപുര്‍ ഖേരി സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും സംഘത്തിനും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ലഖിംപുര്‍ സന്ദര്‍ശനത്തിനായി പോയ പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ ഇതിനോടകം യുപി പോലീസ് തടങ്കലിലാക്കിയിരിക്കുകയാണ്.
ഇതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിന് സന്ദര്‍ശനത്തിന് അനുമതി തേടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചത്. ആള്‍ക്കൂട്ടത്തിന് വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗാന്ധിക്കും സംഘത്തിനും യുപി സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു.
അതേ സമയം അനുമതി നിഷേധിച്ചെങ്കിലും ലഖിംപുര്‍ ഖേരിയിലേക്ക് പോകാനാണ് കോണ്‍ഗ്രസ് സംഘത്തിന്റെ തീരുമാനം. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് ചന്നി, കെ.സി. വേണുഗോപാല്‍, സച്ചിന്‍ പൈലറ്റ് എന്നിവരാകും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടാകുക. പ്രിയങ്കയെ കാണുന്നതിനായി ലഖ്‌നൗവിലെത്തിയ ബാഗേലിനെ ഇന്നലെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചിരുന്നു. ഉച്ചയ്ക്ക് 1.30 ഓടെ രാഹുലും സംഘവും ലഖ്‌നൗവിലെത്തും.
ഇതിന് പിന്നാലെ ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ലഖ്‌നൗവില്‍ 144 പ്രഖ്യാപിച്ചുകൊണ്ട് പോലീസ് ഉത്തരവിറക്കി. വരാനിരിക്കുന്ന ഉത്സവങ്ങള്‍, വിവിധ പ്രവേശന പരീക്ഷകള്‍, കര്‍ഷക പ്രതിഷേധങ്ങള്‍ എന്നിവ കണക്കിലെടുത്ത് ക്രമസമാധാനം നിലനിര്‍ത്താനും കോവിഡ് നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമായി നവംബര്‍ എട്ടു വരെ സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ലഖ്‌നൗ പോലീസ് അറിയിച്ചു.
ഇതിനിടെ, കസ്റ്റഡിയിലെടുത്ത് 38 മണിക്കൂറിനുശേഷവും തന്നെ എന്തിനാണ് തടങ്കലില്‍ വെച്ചതെന്ന് പോലീസ് അറിയിച്ചില്ലെന്നും മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയില്ലെന്നും പ്രിയങ്കാ ഗാന്ധി പ്രസ്താവനയില്‍ ആരോപിച്ചു.
വാഹനം ഇടിച്ചു കയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ മന്ത്രിപുത്രനെ കസ്റ്റഡിയിലെടുക്കാതെ പ്രിയങ്കാ ഗാന്ധിയെ അറസ്റ്റുചെയ്തതിനെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് രൂക്ഷമായ വിമര്‍ശനമുന്നയിച്ചു.
പ്രിയങ്ക അറസ്റ്റിലായതിനെത്തുടര്‍ന്ന് സീതാപുരിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം അരങ്ങേറി. വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും യു.പി. സര്‍ക്കാര്‍ നടപടിയെ അപലപിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ച ലഖിംപുര്‍ ഖേരിയിലേക്ക് പോയതിനാലാണ് പ്രിയങ്കയെ അറസ്റ്റു ചെയ്തതെന്ന് ജില്ലാ മജിസ്ട്രേട്ട് വിശാല്‍ ഭരദ്വാജ് പറഞ്ഞു.
പ്രിയങ്ക ഭയരഹിതയും യഥാര്‍ഥ കോണ്‍ഗ്രസുകാരിയും ആണെന്നും പരാജയം സ്വീകരിക്കില്ലെന്നും സത്യാഗ്രഹം വിജയിക്കുകതന്നെ ചെയ്യുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.