കൊച്ചി: കൊച്ചിയിൽ 11 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്നും പ്രതികളെ സംരക്ഷിക്കില്ലെന്നും എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കർശന നിലപാട് സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമ്മിഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ യാതൊരു അയവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ലഹരിമരുന്ന് റെയ്ഡിൽ പിടൂകൂടിയ യുവതിയേയും മറ്റൊരാളേയും ഒഴിവാക്കിയാണ് എക്സൈസ് കോടതിയിൽ ഹാജരാക്കിയത്. ഏഴുപേരുടേയും ചിത്രങ്ങളും വിവരങ്ങളുമടക്കം കസ്റ്റംസ് പുറത്തുവിട്ടിരുന്നു. ഒരു കിലോയിലേറെ എംഡിഎംഎ പിടികൂടിയെന്ന് ആദ്യ വിവരമുണ്ടായിരുന്നെങ്കിലും കോടതിയിലെത്തിയപ്പോൾ അത് 84 ഗ്രാമായി. ഒപ്പം ഏഴ് പ്രതികൾ അഞ്ചായി ചുരുങ്ങി.
റെയ്ഡ് സമയത്ത് വന്ന രണ്ടുപേരെയാണ് ഒഴിവാക്കിയതെന്നാണ് മഹസറിൽ എക്സൈസ് നൽകുന്ന വിശദീകരണം. അതേ സമയം റെയ്ഡ് സമയത്ത് വന്നവരെ എന്തിന് പിടികൂടിയെന്നും പ്രതികൾക്കൊപ്പം അവരുടെ ചിത്രങ്ങൾ എന്തിന് പുറത്തുവിട്ടുവെന്നും എക്സൈസിന് ഉത്തരമില്ല. കേസിൽ അട്ടിമറി നടന്നുവെന്നാണ് ആരോപണം.