ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി. ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതി ഫെയ്സ്ബുക്ക് പ്രതിനിധിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചു. പൗരന്മാരുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും സാമൂഹിക മാധ്യമ പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമുള്ള കമ്പനിയുടെ നയങ്ങള്‍ വിശദീകരിക്കുന്നതിനാണിത്.
നേരിട്ട് ഹാജരാകുന്നതിന് പകരം വെര്‍ച്വല്‍ കൂടിക്കാഴ്ചയ്ക്കുള്ള ഫെയ്സ്ബുക്കിന്റെ അഭ്യര്‍ഥന സമിതി നിരസിച്ചു. ഹാജരാകുന്ന ഫെയ്സ്ബുക്ക് പ്രതിനിധിക്ക് വാക്സിന് നല്‍കാനും സമിതി നിര്‍ദേശിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം കൂടിക്കാഴ്ചയുടെ തീയതി നിശ്ചയിച്ചിട്ടില്ല.
ഫെയ്സ്ബുക്കിനെ കൂടാതെ മറ്റു സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളായ യൂട്യൂബ്, ഗൂഗിള്‍ തുടങ്ങിയവരുടെ പ്രതിനിധികളോടും നേരിട്ട് ഹാജരാകാനാണ് സമിതിയുടെ നിര്‍ദേശം.
കോവിഡിന്റെ രണ്ടാം തരംഗം നിലനില്‍ക്കുന്ന വേളയില്‍ ഏതെങ്കിലും യോഗങ്ങളില്‍ നേരിട്ട് പങ്കെടുക്കുന്നതിന് കമ്പനിയുടെ വിലക്കുണ്ട്. അതുകൊണ്ട് പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ നേരിട്ട് ഹാജരാകാന്‍ കഴിയില്ലെന്നും ഓണ്‍ലൈന്‍ വഴി യോഗത്തില്‍ പങ്കെടുക്കാമെന്നും ഫെയ്സ്ബുക്ക് അധികൃതര്‍ സമിതിയെ അറിയിച്ചിരുന്നു.
ഇതിന് പിറകെയാണ് സമിതി നേരിട്ട് ഹാജരാകണമെന്ന കര്‍ശന നിലപാട് സ്വീകരിച്ചത്. ഒരു കൂടിക്കാഴ്ചയും ഓണ്‍ലൈനായി നടത്താനാകില്ലെന്നും ഫെയ്സ്ബുക്ക് പ്രതിനിധി നേരിട്ട് ഹാജരാകണമെന്നും എല്ലാ സമിതി അംഗങ്ങളും നിലപാട് സ്വീകരിച്ചു.
കമ്പനിയെ പ്രതിനിധീകരിക്കുന്ന ഉദ്യോഗസ്ഥരുടെ പേരുകളും സമിതി ആവശ്യപ്പെട്ടു. ഇവര്‍ക്ക് ഹാജരാകുന്നതിനുള്ള മതിയായ സമയം അനുവദിക്കുമെന്നും വാക്സിന് നല്‍കാനുളള നടപടികള്‍ സ്വീകരിക്കുമെന്നും പാര്‍ലമെന്ററി സമിതി ചെയര്മാന് അറിയിച്ചു.
വെള്ളിയാഴ്ച ട്വിറ്റര്‍ പ്രതിനിധികളെ സമിതി വിളിച്ച് വരുത്തിയിരുന്നു. ട്വിറ്ററിന്റെ രണ്ട് പ്രതിനിധികളാണ് നേരിട്ട് ഹാജരായത്.