രാജ്യത്ത് കോവിഡ് സ്ഥിതി അതീവഗുരുതരം ആകുന്നു: കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി രാജ്യത്ത് കോവിഡ് വ്യാപനം കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ മോശം അവസ്ഥയില്‍നിന്ന് അതീവഗുരുതരമായ നിലയിലേക്ക് മാറുകയാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. കൊറോണ വൈറസ് ഇപ്പോഴും സജീവമാണെന്നും നമുക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്ന് തോന്നുന്ന നിമിഷം തന്നെ അത് വര്‍ധിതവീര്യത്തോടെ തിരിച്ചടിക്കുകയാണെന്നും വാക്‌സീന്‍ അഡ്മിനിസ്‌ട്രേഷന്‍ ദേശീയ വിദഗ്ധ സമിതി അംഗം ഡോ. വി.കെ. പോള്‍ പറഞ്ഞു. അതേസമയം ജനിതകവ്യതിയാനം വന്ന വൈറസാണ് രോഗവ്യാപനം വര്‍ധിക്കാന്‍ കാരണമെന്ന് വാദം അദ്ദേഹം അംഗീകരിച്ചില്ല.

കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. നിയമനടപടികള്‍, പിഴ എന്നിവ കര്‍ശനമാക്കണം. ആളുകള്‍ മാസ്‌ക് ധരിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബില്‍ ആവശ്യത്തിനു പരിശോധനകള്‍ നടത്തുകയോ ആളുകളെ ഐസൊലേറ്റ് ചെയ്യുകയോ ചെയ്യുന്നില്ല. മഹാരാഷ്ട്രയില്‍ 3.37 ലക്ഷം പേര്‍ക്കാണ് ഇപ്പോള്‍ രോഗമുള്ളത്. മരണസംഖ്യ ഫെബ്രുവരിയില്‍ 32 ആയിരുന്നത് ഇപ്പോള്‍ 118 ആയി ഉയര്‍ന്നു. കര്‍ണാടകയും പരിശോധന വര്‍ധിപ്പിക്കണമെന്ന് ഡോ. വി.കെ. പോള്‍ പറഞ്ഞു.
കൊറോണ വൈറസിനെ ഏതു രീതിയിലും ഇല്ലാതാക്കിയേ മതിയാകൂ. രോഗികളുടെ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തുക, ക്വാറന്റീന്‍, ഐസലേഷന്‍ നടപടികള്‍ കര്‍ശനമാക്കുക എന്നീ നടപടികള്‍ സ്വീകരിക്കാതെ വൈറസിനെ ഒഴിവാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം കൂടുതലുള്ള ജില്ലകളില്‍ വാക്‌സിനേഷന്‍ പെട്ടെന്നു പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളെയും വാക്‌സീനേഷനായി ഉപയോഗപ്പെടുത്തണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7