തിരുവനന്തപുരം:ഇടത് സർക്കാർ സംസ്ഥാനത്തെ ധനകാര്യ ദുരന്തത്തിലേക്ക് നയിച്ചുവെന്ന് സി.പി ജോൺ. മൂന്നര ലക്ഷം കോടി രൂപയുടെ കടം സംസ്ഥാനത്തിന് വരുത്തിവച്ചു. കിഫ്ബിയെ കടം വാങ്ങൽ യന്ത്രമായാണ് പിണറായി സർക്കാർ ഉപയോഗിക്കുന്നത്. കിഫ്ബി എന്താണെന്ന് കേന്ദ്ര ഏജൻസികളെയും ജനങ്ങളെയും ബോധ്യപ്പെടുത്തേണ്ടത്
സർക്കാരാണ്.
ധനകാര്യ വികസന രംഗത്തെ വളർച്ചയ്ക്ക് യു.ഡി.എഫിൻ്റെ തിരിച്ച് വരവ് അനിവാര്യതയാണ്.
സി.പി.എം-ബി.ജെ.പി രാഷ്ട്രീയ കൂട്ടുകെട്ട് പോലെ അവരുടെ ധനകാര്യ കാഴ്ചപാടുകളും ഒന്നാണ്. കേന്ദ്ര പ്ലാനിംഗ് കമ്മീഷനെ ബി.ജെ.പി തകർത്തതുപോലെ കേരളത്തിലെ പ്ലാനിംഗ് ബോർഡിനെ അധ്യക്ഷനായ പിണറായി തന്നെ തകർക്കുന്നു. എൽ.ഡി.എഫ് പ്ലാനിംഗിൽ നിന്നും പ്രോജക്ടിലേക്ക് മാറി പ്രോജക്ട് രാജാണ് സംസ്ഥാനത്ത് നടപ്പിലാക്കിയത്. ഇടതു പക്ഷത്വം നഷ്ടപ്പെട്ട ഇടതുപക്ഷമാണ് ഇന്നുള്ളത്.
വ്യക്തമായ പ്ലാനിംഗിലൂടെ തയ്യാറാക്കിയ പുരോഗമന പക്ഷത്ത് നിൽക്കുന്നതാണ് യു.ഡി.എഫിൻ്റെ മാനിഫെസ്റ്റോയെന്നും പിന്നോക്ക വിഭാഗങ്ങൾക്കു വേണ്ടിയുള്ള വ്യക്തമായ പദ്ധതികൾ ഉണ്ടെന്നും സി.പി.ജോൺ പറഞ്ഞു.
കെ.പി.സി.സി തയ്യാറാക്കിയ പൊതു സാമ്പത്തിക ധനസ്ഥിതിയുടെ അവലോകന റിപ്പോർട്ട് ജനറൽ സെക്രട്ടറി പഴകുളം മധു എ.ഐ.സി.സി സോഷ്യൽ മീഡിയയുടെ കേരളത്തിൻ്റെ ചുമതല മാത്യു ആൻ്റണിക്ക് നൽകി പ്രകാശനം ചെയ്തു.