മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ ശ്രീധരനെ മുന്നിൽ നിർത്തിയാകും ബിജെപി വോട്ടുതേടുകയെന്ന് സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി.
സ്ഥാനാർത്ഥി നിർണയം പൂർത്തിയാകുന്നതിന് മുമ്പേ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയാണ് ബിജെപി. ഡിഎംആർസി ഉപദേഷ്ടാവെന്ന പദവിയിൽ നിന്ന് വിരമിച്ച അതേ ദിവസം തന്നെയാണ് ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിക്കുന്നത്. ആലപ്പുഴയിൽ നടന്ന വിജയയാത്രയിലാണ് കെ സുരേന്ദ്രന്റെ പ്രഖ്യാപനം.
വീടിനോട് അടുത്ത മണ്ഡലമെന്ന നിലയിൽ പൊന്നാനിയിൽ നിന്ന് മത്സരിക്കാനാണ് താത്പര്യമെന്ന് എൺപത്തിയെട്ടുകാരനായ ഇ ശ്രീധരൻ രാവിലെ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ വ്യക്തമാക്കിയിരുന്നു. പാലാരിവട്ടം പാലത്തിന്റെ അന്തിമപരിശോധനയ്ക്കായി എത്തിയതായിരുന്നു അദ്ദേഹം. എന്നാൽ ബിജെപി ഇ ശ്രീധരനെ തിരുവനന്തപുരം സെൻട്രൽ അടക്കമുള്ള എ പ്ലസ് മണ്ഡലങ്ങളിലൊന്നിലാണ് പരിഗണിക്കുന്നത്.
ഡിജിറ്റൽ ഏജിൽ ഡിജിറ്റൽ സന്ദേശങ്ങളുമായി ജനങ്ങളെ സമീപിക്കുമെന്നാണ് ഇ ശ്രീധരൻ രാവിലെ വ്യക്തമാക്കിയത്. ബിജെപി കേരളത്തിൽ അധികാരത്തിൽ വരുമെന്നും ഇ ശ്രീധരൻ അവകാശപ്പെട്ടു. തന്റെ വിശ്വാസ്യത തെരഞ്ഞെടുപ്പിൽ മുതൽക്കൂട്ടാകും. എവിടെ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. നാട്ടിൽ നിന്ന് അധികദൂരത്താകരുത്. വീടുകൾ കയറിയുള്ള പ്രചാരണമായിരിക്കില്ല താൻ നടത്തുക. രാഷ്ട്രീയക്കാരനായല്ല ടെക്നോക്രാറ്റെന്ന നിലയിലാകും തന്റെ പ്രവർത്തനം. ശരീരത്തിന്റെ പ്രായമല്ല, മനസ്സിന്റെ പ്രായമാണ് പ്രധാനമെന്നും ഇ ശ്രീധരൻ പറഞ്ഞിരുന്നു.