കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചിട്ട് ഒരു വര്‍ഷം തികഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം. മറ്റു സംസ്ഥാനങ്ങളില്‍ വൈറസ് വ്യാപനം ശമിച്ചിട്ടും കേരളത്തില്‍ സ്ഥിതിഗതികള്‍ ആശങ്കാജനകമായി തുടരുകയാണ്.

2020 ജനുവരി 30ന് തൃശൂരിലാണ് സംസ്ഥാനത്തെ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനില്‍ നിന്നും കേരളത്തിലെത്തിയ തൃശൂര്‍ സ്വദേശികള്‍ക്കായിരുന്നു രോഗം പിടിപെട്ടത്. പിന്നാലെ ജാഗ്രത പാലിച്ച ആരോഗ്യരംഗം വ്യാപനം തടഞ്ഞു നിര്‍ത്തുന്നതില്‍ വിജയംകണ്ടു. എന്നാല്‍ പിന്നീട് പത്തനംതിട്ടയില്‍ ഒരു കുടുംബത്തിന് കോവിഡ് പിടിപെട്ടതായി റിപ്പോര്‍ട്ടുവന്നു. അതോടെ കേരളം ആശങ്കയിലേക്ക് വീണു. തുടര്‍ന്ന് പതിയെപ്പതിയെ മറ്റു ജില്ലകളിലേക്കും രോഗബാധ കടന്നുചെന്നു.

കോവിഡ് മഹാമാരിയുടെ ആദ്യ കാലത്ത് കടുത്ത നിയന്ത്രണങ്ങളിലൂടെയും അച്ചടമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയും മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി കേരളം. ഇതിനിടെ തിരുവനന്തപുരത്തെ തീരദേശ മേഖലയില്‍ സമൂഹ വ്യാപനം റിപ്പോര്‍ട്ട് ചെയ്തത് ഭീതിയുട ആഴമേറ്റി. എങ്കിലും ഒരുപരിധിവരെ അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവ് രോഗം ബാധിച്ചവരുടെ എണ്ണം വീണ്ടും ഉയര്‍ത്തി. വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും ആള്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചു പങ്കെടുക്കാന്‍ തുടങ്ങിയതോടെ രോഗ വ്യാപന നിരക്ക് കുതിച്ചു. ഓണക്കാലത്തുണ്ടായ തിരക്ക് കേരളത്തില്‍ കോവിഡ് ഒരിക്കല്‍ക്കൂടി പിടിമുറുക്കാന്‍ വഴിതെളിക്കുകയും ചെയ്തു. ഇപ്പോള്‍ രോഗികളുടെ എണ്ണം പ്രതിദിനം അയ്യായിരത്തിന് മുകളിലാണ്. വരുന്ന രണ്ടാഴ്ച സംസ്ഥാനത്തിന് അതിനിര്‍ണായകമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7