കൊച്ചി: പുല്ലേപ്പടിയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ നാലു പേര്‍ പിടിയില്‍ മാനാശ്ശേരി സ്വദേശികളായ ഡിനോയ്, പ്രദീപ്, മണിലാല്‍, സുലു എന്നിവരാണ് പിടിയിലായത്. മരിച്ച ജോബിയുടെ സുഹൃത്തുക്കളാണ് പ്രതികള്‍. ജോബിയുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് കൊച്ചിയിലെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ചിരുന്നു. മോഷണ മുതല്‍ പങ്ക് വയ്ക്കുന്നതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. ഇന്നലെ റെയില്‍വേ ട്രാക്കില്‍ കത്തിക്കരിഞ്ഞ നിലയിലാണ് ജോബിയുടെ മൃതദേഹം കണ്ടെത്തിയത്.
ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ നാട്ടുകാരാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. ഉടന്‍ പൊലീസിനെ വിവരമറിയിച്ചു. ട്രാക്കിലേക്ക് തല വച്ച് പൂര്‍ണമായും കത്തിയ നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിന്നും കത്തിക്കാന്‍ ഉപയോഗിച്ച ലൈറ്ററും പെട്രോള്‍ നിറച്ചിരുന്ന കുപ്പിയും കണ്ടെടുത്തിരുന്നു.
നേരത്തേ പുതുക്കലവട്ടം മോഷണക്കേസില്‍ വീട്ടുടമയുടെ അനിയന്റെ മകന്‍ ഡിനോയ് പിടിയിലായിരുന്നു. ഡിനോയിയുടെ സഹോദരിയുടെ വിവാഹത്തിന് വീട്ടുടമയായ പ്ലാസിഡും കുടുംബവും പോയ സമയത്ത് ഡിനോയ് യും കൊല്ലപ്പെട്ട ജോബിയും ചേര്‍ന്നായിരുന്നു മോഷണം നടത്തിയത്.
പോലീസ് ജോബിയിലേക്കെത്തുന്നതായി മനസിലാക്കിയപ്പോഴാണ് താന്‍ കൂടി പിടിക്കപ്പെടുമോ എന്ന് ഭയന്നാണ് ഡിനോയ് കൊല നടത്തിയത്. മോഷണക്കേസില്‍ ജോബിയുടെ വിരലടയാളം പോലീസിന് കിട്ടിയിരുന്നു. മൃതദേഹം കത്തിക്കാന്‍ സഹായിച്ചതിനാണ് മറ്റ് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തത്.
കൊല്ലപ്പെട്ട ജോബിയും പ്രതി ഡിനോയിയും നന്നായി മദ്യപിച്ചിരുന്നു. മദ്യലഹരിയില്‍ ജോബി റെയില്‍വേ ട്രാക്കില്‍ കയറിക്കിടന്നു. ഈ സമയം ഡിനോയി കയ്യില്‍ കരുതിയിരുന്ന ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം തിരിച്ചറിയാതിരിക്കാനാണ് കത്തിച്ചത്. വിവിധ ഇടങ്ങളില്‍ നിന്നുമായി ഇവര്‍ നടത്തിയ മോഷണമുതലായ 125 പവന്‍ സ്വര്‍ണ്ണവും കണ്ടെത്തി.