കൊവിഡ് കുതിക്കുന്നു; കേരളത്തിൽ ഇനി ‘ബാക്ക് ടു ബേസിക്സ്’ പ്രതിരോധം

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയുടെ ആറിരട്ടിയായി. ഇക്കഴിഞ്ഞ ആഴ്ചയിൽ മാത്രം കേരളത്തിലെ കൊവീഡ് രോഗികളുടെ എണ്ണം 42430 ആണ്. അതിനു മുന്നത്തെ ആഴ്ചയിലിത് 36700 മാത്രമായിരുന്നു. 15 ശതമാനം വര്‍ധനയാണ് ഒഴാഴ്ചകൊണ്ടുണ്ടായത്.

എറണാകുളം ജില്ലയിലാണ് രോഗികള്‍ പെരുകുന്നത്. കോട്ടയം, കൊല്ലം, കണ്ണൂര്‍, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് ജില്ലകളിലും രോഗികളുടെ എണ്ണം കൂടുകയാണ്. കണ്ണൂരില്‍ ഒരാഴ്ചകൊണ്ട് 40 ശതമാനത്തിലധികമാണ് രോഗികളുടെ വര്‍ധന. തിരുവനന്തപുരത്താകട്ടെ 33ശതമാനത്തിന്‍റെ വർധനവാണുണ്ടായത്. ഒന്നരമാസത്തിനുശേഷം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ന് മുകളിലായെന്നതും ശ്രദ്ധേയമാണ്. ദേശീയശരാശരി 2 ആണെന്നിരിക്കെയാണ് സംസ്ഥാനത്തെ ഈ കുതിച്ചുകയറ്റം. സംസ്ഥാനത്തെ പല ജില്ലകളിലും ടിപിആര്‍ 12ന് മുകളിലാണ്. വയനാട്ടിലത് 14.8 ഉം കോട്ടയത്ത് 14.1 ഉം ആണ് നിരക്ക്.

നിലവില്‍ 72891 പേര്‍ ചികില്‍സയിലുണ്ട് . കൊവിഡ് തീവ്രമാകുന്നവരുടെ എണ്ണത്തിലും വൻ വര്‍ധനയാണ്. 149പേരാണ് വെന്‍റിലേറ്ററില്‍ ചികില്‍സയിലുള്ളത്. 505 പേര്‍ ഐസിയുവുകളിലും തുടരുകയാണ്. പൊതുജനം ജാഗ്രത കൈവിട്ടതും പൊതുഗതാഗതമടക്കം എല്ലാത്തിലും നിയന്ത്രണങ്ങള്‍ നീക്കിയതും രോഗബാധ കൂടാൻ കാരണമായെന്നാണ് വിലയിരുത്തൽ . സമ്പൂര്‍ണ അടച്ചിടൽ അടക്കം കര്‍ശന നിയന്ത്രണങ്ങൾ ഇനിയുണ്ടാകില്ലെന്നുറപ്പുള്ളതിനാൽ മാസ്ക്, സാമൂഹിക അകലം ഇങ്ങനെയുള്ള നിര്‍ദേശങ്ങൾ കര്‍ശനമായി പാലിച്ചില്ലെങ്കിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതിനായി ബ്രേക്ക് ദ ചെയിനുശേഷം ബാക്ക് ടു ബേസിക്സ് എന്നപേരിൽ രണ്ടാം ഘട്ട കൊവിഡ് പ്രതിരോധ നടപടി തുടങ്ങാൻ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7