കോവിഡിനേക്കാൾ മാരകം? ഡിസീസ് X ന്റെ വരവിൽ നെഞ്ചിടിപ്പോടെ ലോകം

കോവിഡ്- 19 നേക്കാൾ മാരകമായ ഒരു മഹാമാരി മനുഷ്യവംശത്തിനുതന്നെ ഭീഷണിയായേക്കാമെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ. ഇനിയും വിശദാംശങ്ങൾ തിരിച്ചറിയാനായിട്ടില്ലാത്ത, ഡീസീസ് X എന്നു തൽക്കാലം പേരിട്ടിട്ടുള്ള ഒരു രോഗത്തിന്റെ സാന്നിധ്യം ആഫ്രിക്കന്‍ രാജ്യമായ കോംഗോ റിപ്പബ്ലിക്കിൽ കണ്ടെത്തിയതാണ് ആരോഗ്യ വിദഗ്ധരുടെ നെഞ്ചിടിപ്പു കൂട്ടുന്നത്. കോവിഡിനെ പോലെ അതിവേഗം പടരുകയും എബോളയെ പോലെ മരണം വിതയ്ക്കുകയും ചെയ്തേക്കാമെന്നു സംശയിക്കുന്ന ഈ രോഗത്തിന്റെ പ്രത്യേകതകൾ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ.

ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്തതും മഹാമാരിയാകാന്‍ സാധ്യതയുള്ളതുമായ രോഗങ്ങളെ കുറിക്കാന്‍ ലോകാരോഗ്യ സംഘടന ഉപയോഗിക്കുന്ന നാമമാണ് ഡിസീസ് X. അപ്രതീക്ഷിതം എന്നർഥം വരുന്ന ‘unexpected’ ന്റെ ചുരുക്കെഴുത്താണ് X.

കോംഗോയിലെ ഇന്‍ഗെന്‍ഡെയിലാണ് ഡിസീസ് X സംശയിക്കുന്ന ഒരു സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പനിയും രക്തസ്രാവവുമുള്ള ഈ രോഗിയിൽ എബോള അടക്കമുള്ള വിവിധ രോഗങ്ങളുടെ നിര്‍ണയത്തിനായി പരിശോധന നടത്തി. പക്ഷേ അതെല്ലാം നെഗറ്റീവായിരുന്നു. ഇതോടെയാണ് ഇത് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഏതോ മാരക രോഗമാകാമെന്ന സംശയമുയർന്നത്.

കോവിഡില്‍നിന്ന് വ്യത്യസ്തമായി 50 മുതല്‍ 90 വരെ ശതമാനം മരണ നിരക്ക് ഡിസീസ് X ന് ഉണ്ടാകുമെന്ന് കണക്കാക്കുന്നു. ഈ രോഗം അതിമാരകമാകാമെന്ന് 1976 ല്‍ ആദ്യമായി എബോള വൈറസ് കണ്ടെത്തിയ സംഘത്തിലെ മൈക്രോബയോളജിസ്റ്റ് പ്രഫ. ഷോൺ ഷാക് മുയെംബെ തംഫും മുന്നറിയിപ്പ് നല്‍കുന്നു.

കോവിഡിനെ പോലെ ജന്തുജന്യമായിരിക്കാം ഡിസീസ് X. ഇത് ഉള്‍പ്പെടെ നിരവധി ജന്തുജന്യ രോഗങ്ങളാണ് മനുഷ്യവംശത്തെ കാത്തിരിക്കുന്നതെന്നും തുംഫാം പറയുന്നു. ആഫ്രിക്കയിലെ ഉഷ്ണമേഖല മഴക്കാടുകള്‍ ഇത്തരം നിരവധി വൈറസുകളുടെ പ്രഭവ കേന്ദ്രമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

കോവിഡ് പ്രത്യക്ഷപ്പെടുന്നതിനു മുമ്പും നിരവധി ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും മാരകമായ ജന്തുജന്യ രോഗങ്ങളുടെ സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. വനനശീകരണവും വന്യജീവികളുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്നതും ഉൾക്കാടുകളിലേക്കുപോലുമുള്ള മനുഷ്യന്റെ കടന്നുകയറ്റവും ഇത്തരം മാരക വൈറസുകൾ പുറത്തെത്താനും മനുഷ്യരിലേക്കു പടരാനും കാരണമാകുമെന്നും പകര്‍ച്ചവ്യാധി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7