‘കുഞ്ഞിന്റെ അപ്പനായിട്ട് പറയുവാ, മോള്‍ക്ക് നീതി കിട്ടി, ഞാൻ ഹാപ്പിയാ’

‌മൂന്നു പതിറ്റാണ്ടിനടുത്ത കാത്തിരിപ്പിനു ശേഷം നാടാകെ നടുങ്ങിയ കേസിലെ പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധിയെത്തുമ്പോൾ അതിൽ ഏറ്റവും സന്തോഷിക്കുന്നത് കേസിലെ നിർണായക സാക്ഷികളിലൊരാളായ അടയ്ക്കാ രാജു ആണ്. വിധിയെക്കുറിച്ച് ചോദിച്ചപ്പോൾ ”എനിക്കും പെണ്‍പിള്ളേരുണ്ട്. അയൽവക്കത്തും പെൺപിള്ളേരുണ്ട്” എന്ന് പറഞ്ഞാണ് രാജു തുടങ്ങിയത്. ”കുഞ്ഞിന്റെ അപ്പനായിട്ട് പറയുവാ, മോള്‍ക്ക് നീതി കിട്ടി, ഞാൻ ഹാപ്പിയാ. എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു കൊച്ചിന് നീതി ലഭിക്കണമെന്ന്. ഇത്രയും വയസ്സ് വരെ വളര്‍ത്തിയിട്ട് പെട്ടെന്ന് കാണാതാകുമ്പോഴത്തെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. ഇത് കേൾക്കാൻ അവരാരും ഇന്നില്ല. ഒരുപാട് പേര് എന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതാണ്. കോടികളാണ് ഓഫര്‍ ചെയ്തത്. ഞാന്‍ ഒരു രൂപാ പോലും വാങ്ങിയില്ല. ഇപ്പോളും കോളനിയിലാണ് കിടക്കുന്നത്”, അടയ്ക്കാ രാജു പറഞ്ഞു.

ദൈവമാണ് അടയ്ക്കാ രാജുവിന്റെ രൂപത്തില്‍ ദൃക്‌സാക്ഷിയായി എത്തിയത് എന്നായിരുന്നു അഭയയ്ക്കായുള്ള പോരാട്ടത്തിന് ചുക്കാൻ പിടിച്ച ജോമോൻ പുത്തൻപുരക്കലിന്റെ പ്രതികരണം. ഭയ കൊല്ലപ്പെട്ട ദിവസം മോഷണത്തിനായി മഠത്തില്‍ കയറിയപ്പോള്‍ ഫാദര്‍ തോമസ് കോട്ടൂരിനെയും ഫാദര്‍ ജോസ് പുതൃക്കയിലിനെയും മഠത്തില്‍ കണ്ടെന്നാണ് രാജു മൊഴി നൽകിയത്.

കൊലക്കുറ്റം തെളിഞ്ഞതായി തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രസ്താവിച്ചത്. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. തെളിവ് നശിപ്പിച്ചതിനും ഇരുവരും കുറ്റക്കാരെന്നും കോടതി വിധിച്ചു. ഫാ.കോട്ടൂര്‍ കൊല നടത്തുകയെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ചു കയറിയെന്നും കോടതി കണ്ടെത്തി. വിധി കേട്ട് പ്രതികള്‍ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു. എന്നാൽ ദൈവം ഒപ്പമുണ്ട്, ഒന്നും പേടിക്കാനില്ല, നിരപരാധിയെന്നും ഫാ. കോട്ടൂര്‍ പ്രതികരിച്ചു. ഇരുവരെയും ജില്ലാ ജയിലിലേക്കു മാറ്റി.
പ്രതികൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടത് കണ്ട അഭയയെ തലയ്ക്ക് കോടാലി കൊണ്ടു അടിച്ചു കൊലപ്പെടുത്തി മൃതദേഹം കിണറ്റിൽ തള്ളിയെന്നാണ് സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്നു എഴുതി തള്ളിയ കേസിൽ 1993 മാർച്ച് 23നാണ് കോടതി ഉത്തരവിനെ തുടർന്ന് കേസിൽ സി.ബി.ഐ എത്തിയത്. മൂന്നു തവണ സി.ബി.ഐ റിപ്പോർട്ട് തള്ളി പുനരന്വേഷണത്തിനു ഉത്തരവിട്ടു. 2008 നവംബർ 19 ന് ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി, ഫാ.ജോസ് പുതുക്കയിൽ എന്നിവരെ അറസ്റ്റു ചെയ്തു. പിന്നീട് വിടുതൽ ഹർജി പരിഗണിച്ച് തെളിവില്ലെന്നു കാട്ടി ജോസ് പുതൃക്കയലിനെ കേസിൽ നിന്നു ഒഴിവാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7