കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് കൊച്ചിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുമ്പാകെ ചോദ്യം ചെയ്യലിനു ഹാജരായി. ഇദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് ഹാജരായത്. ദീര്‍ഘനേരം തുടര്‍ച്ചയായി ചോദ്യം ചെയ്യരുതെന്നാണ് ഹൈക്കോടതിയില്‍ ഇദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തേ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടിസ് നല്‍കിയിട്ടും കോവിഡ്, കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ പറഞ്ഞ് ചോദ്യം ചെയ്യലില്‍നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ 10ന് വോട്ടെടുപ്പു ദിനത്തില്‍ ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നെങ്കിലും ആശുപത്രിയില്‍ അഡ്മിറ്റാകുകയും ഹാജരാകാന്‍ സാധിക്കുകയില്ലെന്ന് അറിയിക്കുകയും ചെയ്തു.
തുടര്‍ന്നു കഴിഞ്ഞയാഴ്ച ഡിസ്ചാര്‍ജ് ആകുകയും വീട്ടില്‍ പോകുകയും ചെയ്തിരുന്നു. കോടതി കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകാതിരിക്കുന്നത് തിരിച്ചടിയാകും എന്ന കണക്കുകൂട്ടലിലാണ് നീക്കമെന്നാണു വിലയിരുത്തല്‍.