കാന്‍ബെറ: ആവേശം അവസാന ഓവര്‍ വരെ നീണ്ടുനിന്ന മൂന്നാം ഏകദിനത്തില്‍ ഓസീസിനെതിരേ ഇന്ത്യയ്ക്ക് 13 റണ്‍സ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 303 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 49.3 ഓവറില്‍ 289 റണ്‍സിന് ഓള്‍ഔട്ടായി.
ആദ്യ രണ്ടു മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെയാണ് പരമ്പരയില്‍ ഇന്ത്യ ആശ്വാസ ജയം കുറിച്ചത്. ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച ഓസീസ് പരമ്പര (21) നേരത്തെ സ്വന്തമാക്കിയിരുന്നു.
ഇന്ത്യയ്ക്കായി ശാര്‍ദുല്‍ താക്കൂര്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബുംറ, ടി. നടരാജന് എന്നിവര്‍ രണ്ടു വിക്കറ്റെടുത്തു.
അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും ഗ്ലെന്‍ മാക്സ്വെല്ലുമാണ് ഓസീസ് നിരയില്‍ പൊരുതി നോക്കിയത്.
303 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് സ്കോര്‍ 25-ല്‍ എത്തിയപ്പോള്‍ മാര്‍നസ് ലബുഷെയ്നിന്റെ (7) വിക്കറ്റ് നഷ്ടമായി. ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ച ടി. നടരാജനാണ് താരത്തെ പുറത്താക്കിയത്. വൈകാതെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലെ സെഞ്ചുറി വീരന് സ്റ്റീവ് സ്മിത്തിനെ (7) മടക്കി ഷാര്‍ദുല്‍ താക്കൂര്‍ ഓസീസിനെ പ്രതിരോധത്തിലാക്കി.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ മോയസ് ഹെന്റിക്വസിനെ കൂട്ടുപിടിച്ച് 61 റണ്‍സ് കൂട്ടിച്ചേര്‍ത്ത ആരോണ്‍ ഫിഞ്ച് ഓസീസിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 31 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത ഹെന്റിക്വസിനെ പുറത്താക്കി താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
വൈകാതെ അര്‍ധ സെഞ്ചുറി നേടിയ ഫിഞ്ചിനെ ജഡേജ ധവാന്റെ കൈകളിലെത്തിച്ചു. 82 പന്തുകള്‍ നേരിട്ട് മൂന്നു സിക്സും ഏഴു ഫോറുമടക്കം 75 റണ്‍സെടുത്താണ് ഫിഞ്ച് മടങ്ങിയത്. കാമറൂണ്‍ ഗ്രീന്‍ 21 റണ്‍സെടുത്തു.
ആറാം വിക്കറ്റില്‍ ഒന്നിച്ച ഗ്ലെന്‍ മാക്സ്വെല് – അലക്സ് കാരി സഖ്യം 52 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മത്സരം സ്വന്തമാക്കുമെന്ന തോന്നലുണര്‍ത്തി. എന്നാല്‍ 38-ാം ഓവറില്‍ കാരി റണ്ണൗട്ടായി മടങ്ങിയതോടെ ഓസീസ് വീണ്ടും പ്രതിരോധത്തിലായി. 42 പന്തില്‍ നിന്ന് 38 റണ്‍സായിരുന്നു കാരിയുടെ സമ്പാദ്യം.
തകര്‍ത്തടിച്ച മാക്സ്വെല്ലാകട്ടെ അര്‍ധ സെഞ്ചുറിയും പിന്നിട്ട് കുതിച്ചു. ഒടുവില്‍ 45-ാം ഓവറില്‍ താരത്തെ വീഴ്ത്തി ബുംറ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 38 പന്തില്‍ നിന്ന് നാലു സിക്സും മൂന്നു ഫോറുമടക്കം 59 റണ്‍സാണ് മാക്സ്വെല് അടിച്ചുകൂട്ടിയത്. ഏഴാം വിക്കറ്റില്‍ ആഷ്ടണ്‍ ആഗര്ക്കൊപ്പം 58 റണ്‍സ് ചേര്‍ത്ത ശേഷമാണ് മാക്സ്വെല് പുറത്തായത്.
28 പന്തുകള്‍ നേരിട്ട ആഗര്‍ രണ്ടു ബൗണ്ടറികള്‍ സഹിതം 28 റണ്‍സെടുത്തു.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെടുത്തിരുന്നു.
ആറാം വിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ 150 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഹാര്‍ദിക് പാണ്ഡ്യ – രവീന്ദ്ര ജഡേജ സഖ്യമാണ് ഇന്ത്യന്‍ സ്കോര്‍ 302-ല്‍ എത്തിച്ചത്.
76 പന്തുകളില്‍ നിന്ന് ഒരു സിക്സും ഏഴു ബൗണ്ടറികളുമായി തകര്‍ത്തടിച്ച ഹാര്‍ദിക് പാണ്ഡ്യ 92 റണ്‍സോടെ പുറത്താകാതെ നിന്നു. പാണ്ഡ്യ തന്നെയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 50 പന്തുകള്‍ നേരിട്ട ജഡേജ മൂന്നു സിക്സും അഞ്ചു ഫോറുമടക്കം 66 റണ്‍സെടുത്ത് ഹാര്‍ദിക്കിന് ഉറച്ച പിന്തുണ നല്കി.
ക്യാപ്റ്റന്‍ വിരാട് കോലി മാത്രമാണ് പിന്നീട് ഇന്ത്യയ്ക്കായി തിളങ്ങിയ ഏക ബാറ്റ്സ്മാന്. 78 പന്തുകള്‍ നേരിട്ട കോലി അഞ്ചു ഫോറുകളടക്കം 63 റണ്‍സെടുത്ത് പുറത്തായി. കരിയറിലെ 12 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു സെഞ്ചുറി പോലുമില്ലാതെ ഇന്ത്യന്‍ ക്യാപ്റ്റന്റെ കരിയറിലെ ഒരു വര്‍ഷം കടന്നുപോകുന്നത്.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സ്കോര്‍ 26-ല്‍ എത്തിയപ്പോള്‍ തന്നെ ശിഖര്‍ ധവാന്റെ വിക്കറ്റ് നഷ്ടമായി. 27 പന്ത് നേരിട്ട് രണ്ടു ബൗണ്ടറിയടക്കം 16 റണ്‍സെടുത്ത ധവാനെ സീന്‍ ആബോട്ടാണ് മടക്കിയത്.
മായങ്ക് അഗര്‍വാളിന് പകരം ധവാനൊപ്പം ഇന്ന് ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത ശുഭ്മാന്‍ ഗില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 39 പന്തുകള്‍ നേരിട്ട താരം ഒരു സിക്സും മൂന്നു ഫോറുമടക്കം 33 റണ്‍സെടുത്തു. ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം രണ്ടാം വിക്കറ്റില്‍ 56 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ഗില്ലിന് സാധിച്ചു. ശ്രേയസ് അയ്യര്‍ (19), കെ.എല്‍ രാഹുല്‍ (5) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി.