ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുമതി

തിരുവനന്തപുരം: ബാറുടമ ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തലില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമന്ത്രിമാരായ വി.എസ് ശിവകുമാർ, കെ. ബാബു എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകി. രമേശ് ചെന്നിത്തല, കെ.ബാബു, വി.എസ്.ശിവകുമാര്‍ എന്നിവര്‍ക്കു പണം കൈമാറിയിട്ടുണ്ടെന്ന ബാറുടമ ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനു സര്‍ക്കാര്‍ ഒരുങ്ങുന്നത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് പൂട്ടികിടന്ന 418 ബാറുകള്‍ തുറക്കാനുള്ള അനുമതിയ്ക്കായി മുന്‍ മന്ത്രി കെ.ബാബുവിന്‍റെ നിര്‍ദ്ദേശ പ്രകാരം ബാറുടമകളില്‍ നിന്നു പത്തുകോടി പിരിച്ചെടുത്തെന്നും ഒരുകോടി രൂപ ചെന്നിത്തലയ്ക്കും 50 ലക്ഷം കെ.ബാബുവിനും 25 ലക്ഷം വി.എസ്.ശിവകുമാറിനു കൈമാറിയെന്നായിരുന്നു ബിജു രമേശിന്‍റെ വെളിപ്പെടുത്തല്‍. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണം നടത്തി പ്രാഥമികാന്വേഷണത്തിനു അനുമതി തേടി ഫയല്‍ വിജിലന്‍സ് സര്‍ക്കാരിനു കൈമാറുകയായിരുന്നു.

എന്നാല്‍ ആരോപണത്തില്‍ നിന്നു പിന്‍മാറാന്‍ ജോസ് കെ.മാണി പത്തുകോടി വാഗ്ദാനം ചെയ്തുവെന്ന ബിജു രമേശിന്‍റെ ആരോപണത്തില്‍ അന്വേഷണം ഉണ്ടാകില്ലെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാകുകയും ചെയ്തതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ കടുപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമെന്നു പ്രതിപക്ഷം ആരോപിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7