സൈബർ കേസുകൾ വർധിക്കുന്നു; 15 സൈബർ സെല്ലുകൾ പൊലീസ് സ്റ്റേഷനുകളാക്കും

കൊച്ചി: സംസ്ഥാനത്ത് സൈബർ കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, 15 സൈബർ സെല്ലുകൾ സൈബർ പൊലീസ് സ്റ്റേഷനുകളാക്കാൻ ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. ഇതോടെ, സംസ്ഥാനത്ത് 19 സൈബർ പൊലീസ് സ്റ്റേഷനുകളാകും. തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, കൊല്ലം റൂറൽ, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം റൂറൽ, തൃശൂർ റൂറൽ, വയനാട്, പാലക്കാട്, മലപ്പുറം, കോഴിക്കോട് റൂറൽ, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണു പുതിയ സൈബർ പൊലീസ് സ്റ്റേഷനുകൾ രൂപീകരിക്കുക.

ഇവയ്ക്കു വേണ്ടി 15 ഇൻസ്പെക്ടർമാരുടെ തസ്തിക സൃഷ്ടിക്കാനും നിർദേശിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ സൈബർ സെല്ലുകൾ ഇതോടെ ഇല്ലാതാകും. കോഴിക്കോട് സിറ്റി, എറണാകുളം സിറ്റി, തിരുവനന്തപുരം സിറ്റി, തൃശൂർ സിറ്റി എന്നിവിടങ്ങളിൽ നിലവിൽ സൈബർ പൊലീസ് സ്റ്റേഷനുകളും സൈബർ സെല്ലുകളുണ്ട്. എന്നാൽ, ഇവിടങ്ങളിലെ സൈബർ സെല്ലുകൾ നിർത്തലാക്കുമോയെന്ന് 22ന് ഇറങ്ങിയ ഉത്തരവിൽ വ്യക്തമാക്കുന്നില്ല.

അതേസമയം, സൈബർ പൊലീസ് സ്റ്റേഷനുകൾ സൃഷ്ടിച്ചതു കൊണ്ടു മാത്രം സൈബർ കേസുകൾ സമഗ്രമായി അന്വേഷിക്കാൻ കഴിയില്ലെന്നു പൊലീസുകാർ പറയുന്നു. സൈബർ സ്റ്റേഷനുകൾക്കായി 15 തസ്തികകൾ പുതിയതായി സൃഷ്ടിച്ചതല്ലെന്നും പൊലീസ് ജില്ലാ ആസ്ഥാനത്തെ സായുധ പൊലീസ് വിഭാഗത്തിലെ 15 ഇൻസ്പെകടർ തസ്തികകൾ സൈബർ സ്റ്റേഷനുകളിലേക്കു മാറ്റുകയാണു ചെയ്തതെന്നും അവർ ആരോപിക്കുന്നു. സായുധ പൊലീസിലെ ഇൻസ്പെക്ടമാരുടെ 15 തസ്തികകൾ കഴിഞ്ഞ 22ന് ആഭ്യന്തരവകുപ്പ് നിർത്തലാക്കിയിരുന്നു.

• സൈബർ സെല്ലുകളിൽ എസ്ഐക്കാണു ചുമതല. സൈബർ പൊലീസ് സ്റ്റേഷനുകൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ്. സൈബർ കേസുകൾ അന്വേഷിക്കാനുള്ള അധികാരം ഇൻസ്പെക്ടർക്കാണ്.

• സൈബർ സെല്ലിനു നേരിട്ടു കേസെടുക്കാൻ കഴിയില്ല. അതതു പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്യുന്ന സൈബർ കേസുകളുടെ അന്വേഷണത്തിൽ സഹായിക്കുകയാണ് സൈബർ സെൽ ചെയ്യുന്നത്.

• കേസിന്റെ ഗൗരവമനുസരിച്ച് സൈബർ പൊലീസ് സ്റ്റേഷന് നേരിട്ടു കേസ് റജിസ്റ്റർ ചെയ്യാം. പൊലീസ് സ്റ്റേഷനുകളിലെ കേസുകളുടെ അന്വേഷണത്തിൽ സഹായിക്കുകയുമാവാം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7