നൃത്തം അവതരിപ്പിക്കുന്നതിന് സംഗീത നാടക അക്കാദമി അവസരം നിഷേധിച്ചെന്ന പരാതിക്ക് പിന്നാലെ കലാഭവന്‍ മണിയുടെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉറക്കഗുളികകള്‍ കഴിച്ചാണ് ആത്മത്യാ ശ്രമം. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാമകൃഷ്ണന്റ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവം പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചതായി രാമകൃഷ്ണന് പരാതിപ്പെട്ടിരുന്നു. സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന് നായര്‍ തനിക്ക് അവസരം നിഷേധിച്ചതായി ആര്‍എല്‍വി രാമകൃഷ്ണന് ഫേസ്ബുക്കിലൂടെയായിരുന്നു വെളിപ്പെടുത്തിയത്.
രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കാന്‍ അവസരം തരികയാണെങ്കില്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടാകും. ഞങ്ങള്‍ അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്ക്കണ്ടല്ലോ. അവസരം തരികയാണെങ്കില്‍ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും’; എന്നിങ്ങനെയാണ് അക്കാദമി സെക്രട്ടറി രാധാകൃഷ്ണന് നായര്‍ തന്നോട് പറഞ്ഞതെന്നായിരുന്നു ആര്‍എല്‍വി രാമകൃഷ്ണന്റെ വെളിപ്പെടുത്തല്‍. തന്നെപ്പോലെ പട്ടികജാതി വിഭാഗത്തില്‍ പെട്ട ഒരാള്‍ക്ക് അവസരം നല്‍കില്ല എന്ന ധാര്‍ഷ്ട്യമാണ് അദ്ദേഹത്തെക്കൊണ്ട് ഇത്തരമൊരു പ്രവര്‍ത്തി ചെയ്യിച്ചതെന്ന് ആര്‍എല്‍വി രാമകൃഷ്ണന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടും പ്രതികരിച്ചിരുന്നു.