കൊച്ചി: ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലില്‍ നിയോഗിക്കപ്പെടുന്ന ആദ്യ വനിതാ ഉദ്യോഗസ്ഥരാകാനൊരുങ്ങി സബ് ലെഫ്റ്റനന്റുമാരായ കുമുദിനി ത്യാഗിയും റിതി സിങും. ദക്ഷിണ നാവികസേനാ ആസ്ഥാനമായ കൊച്ചി നേവല്‍ ബേസില്‍ നിന്നാണ് ഇവര്‍ ഒബ്സെര്‍വര്‍മാരായി പരിശീലനം പൂര്‍ത്തിയാക്കിയത്. യുദ്ധക്കപ്പലുകളില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ഹെലികോപ്ടറുകളിലാണ് ഇവര്‍ക്ക് നിയമനം ലഭിച്ചിരിക്കുന്നത്.
തിങ്കളാഴ്ച ഐഎന്‍എസ് ഗരുഡയില്‍ നടന്ന ചടങ്ങില്‍ റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ് ഉദ്യോഗസ്ഥര്‍ക്ക് ‘വിങ്സ്’ നല്കി. നേവല്‍ ബേസിലെ അക്കാദമയില്‍ നിന്ന് ഒബ്സെര്‍വര്‍ കോഴ്സ് പൂര്‍ത്തിയാക്കിയ 17 പേരുടെ ബാച്ചിലാണ് കുമുദിനിയും റിതിയുമുള്ളത്. ബാച്ചില്‍ മലയാളിയായ ക്രീഷ്മ ആര് ഉള്‍പ്പെടെ മറ്റു രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ കൂടി ഉണ്ടെങ്കിലും അവര്‍ക്ക് യുദ്ധക്കപ്പലിലേക്കല്ല നിയമനം.
ഇതുവരെ ഫിക്സഡ് വിങ് എയര്‍ക്രാഫ്റ്റുകളില്‍ (കരയില്‍ നിന്നുയര്‍ന്ന് കരയില്‍ തന്നെ ലാന്‍ഡ് ചെയ്യുന്നവ) മാത്രമാണ് വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നത്. ഈ തീരുമാനത്തില്‍ മാറ്റമുണ്ടായതോടെയാണ് കുമുദിനിയും റിതിയും ചരിത്രത്തിലേക്ക് ചുവടുവെക്കുന്നത്. ക്രൂ ക്വാര്‍ട്ടട്ടേഴ്സിലെ സ്വകാര്യതാക്കുറവ്, ബാത് റൂം അപര്യാപ്തത തുടങ്ങിയ പ്രശ്നങ്ങള്‍ മൂലമാണ് വനിതകളെ ഇതുവരെ ക്രൂവില്‍ ഉള്‍പ്പെടുത്താതിരുന്നത്.
രണ്ട് വനിതാ ഓഫീസര്‍മാര്‍ക്കും നേവിയുടെ മള്‍ട്ടി റോള്‍ ഹെലികോപ്ടറില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പരിശീലനം നല്കി. നേവിയുടെ ഏറ്റവും പുതിയ എംഎച്ച്-60 ആര് ഹെലികോപ്ടറാണ് ഇരുവരും പറത്തുക. ശത്രു കപ്പലുകളേയും അന്തര്‍വാഹിനികളേയും തിരിച്ചറിയാന്‍ പ്രാപ്തിയുള്ള അതിനൂതന സംവിധാനമാണ് നേവിയുടെ യുദ്ധക്കപ്പലിന്റെ ഭാഗമായ ഹെലികോപ്ടറിലുള്ളത്.
റഫാല്‍ വിമാനങ്ങളില്‍ വനിതപൈലറ്റുമാരെ നിയമിക്കുന്നതിനുള്ള ചുരുക്കപ്പട്ടിക എയര്‍ഫോഴ്സ് തയ്യാറാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് നാവികസേനയുടെ യുദ്ധക്കപ്പലില്‍ വനിത ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള വാര്‍ത്തകളും പുറത്തുവരുന്നത്.