‘ക്യാപ്റ്റൻ’ വാക്കു പാലിച്ചു; റെയ്നയുടെ ബന്ധുക്കളെ ആക്രമിച്ച 3 പേർ അറസ്റ്റിൽ

പഠാൻകോട്ട്: ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ പിതൃസഹോദരിയെയും കുടുംബത്തെയും ആക്രമിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയ കേസിൽ കുപ്രസിദ്ധ കൊള്ളസംഘത്തിൽ ഉൾപ്പെട്ട മൂന്നു പേരെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് അറിയിച്ചു. അക്രമി സംഘത്തിലുണ്ടായിരുന്ന മറ്റു 11 പേർക്കായി തിരച്ചിൽ തുടരുകയാണെന്നും പഞ്ചാബ് മുഖ്യമന്ത്രി വ്യക്തമാക്കി. പിടിയിലായ അക്രമികളിൽ ഒരാൾ ഉത്തർപ്രദേശ് സ്വദേശിയാണ്. മറ്റു രണ്ടു പേർ രാജസ്ഥാൻകാരും. വിവിധ സംസ്ഥാനങ്ങളിൽ മോഷണവും പിടിച്ചുപറിയും നടത്തി ജീവിക്കുന്ന കൊള്ളസംഘത്തിന്റെ ഭാഗമാണ് ഇവർ.

സാവൻ, മുഹോബത്ത്, ഷാരൂഖ് ഖാൻ എന്നിവരാണ് പിടിയിലായതെന്ന് പഞ്ചാബ് ഡിജിപി വ്യക്തമാക്കി. പ്രദേശവാസിയായ ഒരാളുടെ സഹായത്തോടെയാണ് കൊള്ളസംഘം റെയ്നയുടെ ബന്ധുവീട്ടിൽ മോഷണത്തിന് എത്തിയത്. ഇതിനിടെയാണ് കുടുംബാംഗങ്ങളെ ആക്രമിച്ചത്. മുൻപ് ഉത്തർപ്രദേശ്, ജമ്മു കശ്മീർ, പഞ്ചാബിന്റെ മറ്റു പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇവർ കൊള്ള നടത്തിയിട്ടുണ്ട്. റെയ്നയുടെ ബന്ധുവീട്ടിൽനിന്ന് മോഷ്ടിച്ച പണവും ആഭരണങ്ങളും ഇവർ സംഘാംഗങ്ങൾക്കിടയിൽ പങ്കുവച്ചു. ഇതിൽ ചില ആഭരണങ്ങളും 1500 രൂപയും പിടിയിലായവരിൽനിന്ന് കണ്ടെടുത്തു.

തന്റെ ബന്ധുക്കളെ നിഷ്ഠൂരമായി ആക്രമിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് റെയ്ന രംഗത്തെത്തിയിരുന്നു. അക്രമികളെ ഉടൻ പിടികൂടുമെന്ന് അന്നുതന്നെ മുഖ്യമന്ത്രി ഉറപ്പു നൽകുകയും ചെയ്തു.

പഞ്ചാബിലെ പഠാൻകോട്ട് ജില്ലയിൽ കഴിഞ്ഞ മാസം 19നാണ് റെയ്നയുടെ പിതൃസഹോദരി ആശാ റാണിയുടെ കുടുംബം ആക്രമിക്കപ്പെട്ടത്. രാത്രി ടെറസിൽ കിടന്നുറങ്ങുകയായിരുന്ന കുടുംബത്തിനുനേരെ നടന്ന ആക്രമണത്തിൽ പിതൃസഹോദരീ ഭർത്താവ് അശോക് കുമാർ കൊല്ലപ്പെട്ടു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരുടെ മകൻ കൗശൽ കുമാർ ഓഗസ്റ്റ് 31ന് മരണത്തിനു കീഴടങ്ങി. ആശാ റാണി ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മറ്റൊരു മകനും അശോക് കുമാറിന്റെ അമ്മയും ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. അക്രമികളെ പിടികൂടാൻ സുരേഷ് റെയ്ന ആവശ്യപ്പെട്ടതിനു പിന്നാലെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ മുഖ്യമന്ത്രി അമരീന്ദർ സിങ് നിയോഗിച്ചിരുന്നു. തുടർന്ന് നൂറോളം പേരടങ്ങുന്ന സംഘമാണ് അക്രമികളെ കണ്ടെത്താനായി ശ്രമം നടത്തിയത്.

കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇന്നലെയാണ് അക്രമികളെക്കുറിച്ച് സൂചന ലഭിച്ചത്. ആക്രമണം നടന്ന ഓഗസ്റ്റ് 19ന് സമീപപ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മൂന്നംഗ സംഘം പഠാൻകോട്ട് റെയിൽവേ സ്റ്റേഷന് സമീപം ഒളിവിൽ കഴിയുന്നുവെന്നായിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ റെയ്ഡിൽ മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു. ഇവർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരമനുസരിച്ചാണ് മറ്റു 11 പേർക്കായി അന്വേഷണം നടക്കുന്നത്. ഇതിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7