കൊറോണ വൈറസ് നേരിട്ട് തലച്ചോറിനെ ബാധിക്കുമെന്ന് അമേരിക്കൻ പഠനം. കൊവിഡിന്റെ ഭാഗമായിട്ടുള്ള തലവേദന ഉൾപ്പെടെയുള്ളവ വൈറസ് നേരിട്ട് തലച്ചോറിനെ ബാധിക്കുന്നതുകൊണ്ടാണെന്ന് അമേരിക്കയിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.
യേൽ യൂണിവേഴ്‌സിറ്റിയിലെ ഇമ്മൂണോളജിസ്റ്റായ അകികോ ഇവസാകിയാണ് പഠനം തയ്യാറാക്കിയിരിക്കുന്നത്. എലികളിൽ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായിരിക്കുന്നത്. എലികളെ രണ്ട് വിഭാഗങ്ങളാക്കിയാണ് പരീക്ഷണം നടത്തിയത്. ഒരു വിഭാഗം എലികളിലെ ശ്വാസകോശത്തിൽ വൈറസ് വരുത്തുന്ന വ്യതിയാനങ്ങളും മറ്റൊരു വിഭാഗം എലികളിലെ തലച്ചോറിൽ വൈറസ് വരുത്തുന്ന വ്യതിയാനങ്ങളുമാണ് പഠനവിധേയമാക്കിയത്. തലച്ചോറിലെ വൈറസ് ബാധ വളരെപെട്ടെന്ന് ശരീരഭാരം കുറക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യുന്നതായി വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് പഠനം തയ്യാറാക്കിയിരിക്കുന്നത്.
കൊറോണ വൈറസിന് തലച്ചോറിനെ നേരിട്ട് ബാധിക്കാനാകുമെന്ന പഠനം വളരെ പ്രാധാന്യമർഹിക്കുന്നതാണെന്ന് കാലിഫോർണിയ യൂണിവേഴ്‌സിറ്റി ന്യൂറോളജി തലവൻ ആൻഡ്രൂ ജോസഫ്‌സൺ ചൂണ്ടിക്കാട്ടി.