സ്വര്‍ണക്കടത്ത് കേസ്: കസ്റ്റംസ് അസി. കമീഷണറെ നീക്കി; നടപടി ബിജെപി നേതാക്കളെ ചോദ്യം ചെയ്യാനിരിക്കെ

സ്വര്‍ണക്കടത്ത് കേസില്‍ ജനം ടി വി മേധാവി അനില്‍ നമ്പ്യാരെ ചോദ്യം ചെയ്ത കസ്റ്റംസ് സംഘത്തിലെ അസി. കമീഷണറെ നീക്കി. കേസില്‍ ഇതുവരെ നടന്ന റെയ്ഡുകള്‍ക്കു നേതൃത്വം നല്‍കിയ പ്രിവന്റീവ് വിഭാഗത്തിലെ അസി. കമീഷണര്‍ എന്‍ എസ് ദേവിനെയാണ് നീക്കിയത്. കസ്റ്റംസ് ലീഗല്‍ സെല്ലിലേക്ക് മാറ്റി നിയമിച്ച അദ്ദേഹത്തിന് പകരം കോഴിക്കോട് കസ്റ്റംസിലെ അസി. കമീഷണര്‍ ഡി ആര്‍ രാജിക്കാണ് പുതിയ ചുമതല.

അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തലസ്ഥാനത്തെ ഏതാനും ബി ജെ പി നേതാക്കളെ കൂടി ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുന്നതിനിടെയാണ് ദേവിന്റെ സ്ഥാനചലനം. അനില്‍ നമ്പ്യാരെ കൊച്ചിയില്‍ നിരീക്ഷണ തടവിലാക്കിയതും ദേവിന്റെ സ്ഥാനമാറ്റത്തിന് കാരണമായതായാണ് വിവരം. അനില്‍ നമ്പ്യാര്‍ക്കെതിരായ തെളിവ് ശേഖരണത്തിന് അദ്ദേഹത്തിന്റെ വീട്ടിലും ഓഫീസിലും റെയ്ഡും ആലോചിച്ചിരുന്നു.

സ്വര്‍ണക്കടത്തില്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതിനു പിന്നാലെ കേസന്വേഷണ സംഘത്തെ പൊളിക്കാന്‍ നീക്കം നടക്കുന്നതായി സൂചനകളുണ്ടായിരുന്നു. കസ്റ്റംസ് കമ്മീഷണറുടെതായി കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തലവന് സര്‍ക്കുലര്‍ ലഭിച്ചിരുന്നു. അന്വേഷണ സംഘത്തിന്റെ പെരുമാറ്റം എങ്ങനെയായിരിക്കണമെന്നും മറ്റുമുള്ള കാര്യങ്ങള്‍ക്കൊപ്പം ചില മാറ്റങ്ങള്‍ വേണ്ടി വരുമെന്നായിരുന്നു സൂചന.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7