ഉത്ര വധക്കേസിലെ രണ്ടാമത്തെ കുറ്റപത്രം രണ്ടാഴ്ച്ചയ്ക്കകം സമര്‍പ്പിക്കും. ഉത്രയുടെ ഭര്‍ത്താവ് സൂരജും കുടുംബാംഗങ്ങളുമാണ് പ്രതികള്‍. റിമാന്‍ഡിലുള്ള രേണുകയേയും സൂര്യയേയും അന്വേഷണ സംഘം ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.
വധക്കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. സൂരജ് മാത്രമാണ് പ്രതി. സൂരജിന് പാമ്പിനെ വിറ്റതിന് അറസ്റ്റിലായ പാമ്പ് പിടിത്തക്കാരന് സുരേഷ് മാപ്പ് സാക്ഷിയാണ്. വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് എടുത്ത ഒരു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ സുരേഷ് ജയില്‍ മോചിതനായിട്ടില്ല. കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് എടുത്ത രണ്ടാമത്തെ കേസിലാണ് ഉത്രയുടെ ഭര്‍ത്താവിന്റെ വീട്ടുകാരെയും പ്രതി ചേര്‍ത്തിട്ടുള്ളത്.
സൂരജ്, അച്ഛന് സുരേന്ദ്രന് അമ്മ രേണുക സഹോദരി സൂര്യ എന്നിവരാണ് ഒന്നു മുതല്‍ നാലു വരെയുള്ള പ്രതികള്‍. ഗാര്‍ഹിക പീഡനം,തെളിവു നശിപ്പിക്കല്‍, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കേസില്‍ നേരത്തെ അറസ്റ്റിലായ സുരേന്ദ്രന് ഹൈക്കോടതിയില്‍ നിന്നു ജാമ്യം നേടിയിരുന്നു. റിമാന്‍ഡിലുള്ള രേണുകയും സൂര്യയും ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും തള്ളി. ഇരുവരെയും ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.
അമ്മയ്ക്കും മകള്‍ക്കും കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. അഞ്ചല്‍ ഏറം സ്വദേശിയായ ഉത്ര മെയ് മാസം ഏഴാം തീയതിയാണ് കൊല്ലപ്പെട്ടത്. സ്ത്രീധനം നഷ്ടമാക്കാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനായിരുന്നു സൂരജ് പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.