ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ കോവിഡ്19 വാക്സീനായ കോവാക്സീന്‍ പ്രാഥമിക ഒന്നാം ഘട്ട പരീക്ഷണങ്ങള്‍ വിജയകരമായി പിന്നിട്ടു. കോവാക്സീന്‍ സുരക്ഷിതമാണെന്നും പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും വാക്സീന്‍ വികസനത്തിന് നേതൃത്വം നല്‍കുന്ന ഭാരത് ബയോടെക്കും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചും പറയുന്നു.
രാജ്യത്തെ 12 ഇടങ്ങളിലായി 375 വോളന്റിയര്‍ക്ക് രണ്ട് ഡോസ് വീതം കോവാക്സീന്‍ ഇതിനകം നല്‍കി കഴിഞ്ഞു. ഡല്‍ഹി എയിംസില്‍ 16 വോളന്റിയര്‍മാര്‍ക്ക് രണ്ടാമത്തെ ഡോസ് നല്‍കാന്‍ തയാറെടുക്കുകയാണ്.
പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വേര്‍തിരിച്ചെടുത്ത സാര്‍സ് കോവ്-2 വൈറസ് വകഭേദത്തില്‍ നിന്നാണ് കോവാക്സീന്‍ വികസിപ്പിച്ചത്. പരീക്ഷണഘട്ടങ്ങള്‍ വിജയകരമായി പിന്നിടുകയാണെങ്കില്‍ അടുത്ത വര്‍ഷം ആദ്യ പാതിയോടു കൂടി വാക്സീന്‍ വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.