ബെംഗളൂരു: ബെംഗളൂരുവില്‍ വിദ്വേഷം പരത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനെതിരായ പ്രതിഷേധം വന്‍ അക്രമത്തിലും സംഘര്‍ഷത്തിലും കലാശിച്ചു. പ്രതിഷേധക്കാര്‍ എംഎല്‍എയുടെ വീട് ആക്രമിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു.
പുലികേശിനഗര്‍ കോണ്‍ഗ്രസ് എം.എല്‍.എ. അഖണ്ഡ ശ്രീനിവാസമൂര്‍ത്തിയുടെ വീടാണ് ജനക്കൂട്ടം ആക്രമിച്ചത്. സംഭവത്തില്‍ രണ്ട് പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കും പരിക്കേറ്റു.
അഖണ്ഡ ശ്രീനിവാസമൂര്‍ത്തിയുടെ ബന്ധുവാണ് പോസ്റ്റിട്ടതെന്ന് എംഎല്‍എയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ പിഎയാണ് പോസ്റ്റിട്ടതെന്നും ആരോപണമുണ്ട്. ഇതേത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി നൂറുകണക്കിനുപേര്‍ ശ്രീനിവാസമൂര്‍ത്തിയുടെ വീടിനുമുന്നില്‍ തടിച്ചുകൂടുകയും കല്ലേറ് നടത്തുകയുംചെയ്തു. എട്ടോളം വാഹനങ്ങളും പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കി. നൂറിലേറെ പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതിഷേധവുമായി ജനങ്ങള്‍ ഡി.ജെ. ഹള്ളി പോലീസ് സ്റ്റേഷനുമുന്നില്‍ തടിച്ചുകൂടി. പോലീസും പ്രതിഷേധക്കാരും തമ്മില്‍ കല്ലേറുണ്ടായി. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ കത്തിച്ചു. അഗ്നിശമനസേനാംഗങ്ങളെത്തിയാണ് തീകെടുത്തിയത്. സംഭവമറിഞ്ഞ് കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്.
എംഎല്‍എയുടെ ബന്ധുവായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സാമൂഹികമാധ്യമങ്ങള്‍വഴി വിദ്വേഷപരാമര്‍ശം നടത്തിയവര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്നും അക്രമം അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കൂടുതല്‍ പോലീസ് സ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരു നഗരപരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡിജെ ഹള്ളി, കെജെ ഹള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യുവും ഏര്‍പ്പെടുത്തി.